World News
200 ഫലസ്തീന്‍ ബന്ദികളെ ഹമാസിന് കൈമാറി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 26, 03:44 am
Sunday, 26th January 2025, 9:14 am

ടെല്‍ അവീവ്: 200 ഫലസ്തീന്‍ ബന്ദികളെ മോചിപ്പിച്ച് ഇസ്രഈല്‍. ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് നാല് ഇസ്രഈലി വനിതാ സൈനികരെ വിട്ടയച്ചതിന് പിന്നാലെയാണ് മോചനം.

വെസ്റ്റ് ബാങ്കിലെ റാമല്ലയിലേക്കാണ് ഫലസ്തീന്‍ തടവുകാരെ ഇസ്രഈല്‍ എത്തിച്ചത്. മോചിപ്പിക്കപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ കാലം ഇസ്രഈല്‍ തടങ്കലില്‍ കഴിഞ്ഞ മുഹമ്മദ് അല്‍-ടൂസ് (69) ഉണ്ടെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് അഡ്വക്കസി ഗ്രൂപ്പ് അറിയിച്ചു.

തിങ്കളാഴ്ച ജെനിനില്‍ നിന്ന് ഏറ്റവും കാലം ഇസ്രഈല്‍ തടങ്കലില്‍ കഴിഞ്ഞ റെയ്ദ് അല്‍ സാദിയെയ്ക്കും മോചനം ലഭിക്കുമെന്നും ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് അഡ്വക്കസി ഗ്രൂപ്പ് പറഞ്ഞു.

ഇന്നലെ (ശനി) റെഡ്ക്രോസ് വഴിയാണ് ബന്ദികളെ ഹമാസ് ഇസ്രഈലിന് കൈമാറിയത്. നാമ ലെവി, ലിറി അല്‍ബാഗ്, കരീന അറീവ്, ഡാനിയേല ഗില്‍ബോവ എന്നീ വനിത സൈനികരെയാണ് ഹമാസ് വിട്ടയച്ചത്.

ഗസയിലെ ഫലസ്തീന്‍ സ്‌ക്വയറില്‍വെച്ച് കൂടിയിരുന്ന ജനങ്ങള്‍ക്ക് നേരെ കൈവീശി യാത്ര ചോദിച്ചാണ് നാല് പേരും റെഡ്ക്രോസിന്റെ വാഹനത്തില്‍ കയറിയത്. ദിവസങ്ങള്‍ക്ക് മുമ്പ് റോമി ഗോനെന്‍ (24), എമിലി ദമാരി (28), ഡോറണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ (31) എന്നീ ബന്ദികളെ ഹമാസ് ഇസ്രഈലിന് കൈമാറിയിരുന്നു.

ഇതിനെ തുടര്‍ന്ന് 90 ഫലസ്തീന്‍ ബന്ദികളെ ഇസ്രഈലും കൈമാറിയിരുന്നു. മോചിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി) യുടെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളായ ഖാലിദ ജരാറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

കരാര്‍ പ്രകാരം, ഓരോ ഇസ്രഈലി ബന്ദിക്കും പകരമായി 30 ഫലസ്തീന്‍ സ്ത്രീകളേയും കുട്ടികളേയും കൈമാറുമെന്നാണ് ഇസ്രഈല്‍ അറിയിച്ചിരുന്നത്. അതേസമയം ഹമാസ് കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രഈല്‍ രംഗത്തെത്തി.

നെറ്റ്‌സാരിം ഇടനാഴിയിലൂടെ ഫലസ്തീനികള്‍ വടക്കന്‍ ഗസയിലേക്ക് മടങ്ങുന്നുവെന്ന് ആരോപിച്ചാണ് ഇസ്രഈല്‍ ഹമാസിനെതിരെ രംഗത്തെത്തിയത്.

ഇതിനുപുറമെ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഇസ്രഈല്‍ വെസ്റ്റ് ബാങ്കിലെ ആക്രമണം വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

ശനിയാഴ്ച ഇസ്രഈലിന് 2000 പൗണ്ട് ബോംബുകള്‍ കൈമാറാന്‍ ട്രംപ് അനുമതിയും നല്‍കി. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ബൈഡന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ട്രംപ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Content Highlight: Israel handed over 200 Palestinian hostages to Hamas