| Sunday, 3rd March 2024, 10:15 am

റമദാന് മുമ്പ് ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: റമദാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പ് ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മാര്‍ച്ച് 10 അല്ലെങ്കില്‍ മാര്‍ച്ച് 11ന് വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുണ്യ മാസമായ റമദാന് മുമ്പ് ഗസയില്‍ ആറ് ആഴ്ച്ചത്തെ വെടി നിര്‍ത്തല്‍ സാധ്യമാകുമെന്ന് ബൈഡൻ പറ‍ഞ്ഞു. ഇസ്രഈല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തിങ്കളാഴ്ച കൈയ്‌റോയില്‍ വെച്ച് നടക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി എന്നിവരുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചിരുന്നു. സിവിലിയന്‍സിനെതിരെ തുടരുന്ന ആക്രമണം നിര്‍ത്തണമെന്നും ഗസയിലെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരണമെന്നും ഇസ്രഈലിനോട് ബൈഡന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇസ്രഈലിന് സൈനിക സഹയാം നല്‍കുന്നത് യു.എസ് ഇപ്പോഴും തുടരുന്നുണ്ട്. അതിനിടെ, ഇസ്രഈലിന്റെ ബോംബാക്രമണത്തില്‍ ഏഴ് ബന്ദികള്‍ കൊല്ലപ്പെട്ടത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ബന്ദി മോചനവും ഇസ്രഈലില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് വന്‍ പ്രതിഷേധങ്ങളാണ് ഇസ്രഈലില്‍ തുടരുന്നത്.

ഗസക്ക് വേണ്ടി കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ഇതിന് വേണ്ടിയുള്ള നടപടികള്‍ യു.എസ് സര്‍ക്കാര്‍ ഉടന്‍ തുടങ്ങുമെന്നും ബൈഡന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. സഹായത്തിന് വേണ്ടി കാത്തുനിന്ന 100ലധികം ഫലസ്തീന്‍ പൗരന്‍മാരെ ഇസ്രഈല്‍ സൈന്യം വെടിവെച്ച് കൊന്നതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം.

Contant Highlight: Israel-Hamas war: Joe Biden said,​ ‘Hoping for a ceasefire by Ramadan’

We use cookies to give you the best possible experience. Learn more