ഗസയില്‍ നിന്ന് വീടുവിട്ട് പതിനായിരങ്ങള്‍; പലായനം ചെയ്യുന്നവര്‍ക്ക് നേരെയും ഇസ്രഈല്‍ അക്രമമെന്ന് ഹമാസ്
ഗസ: ഇസ്രഈല്‍- ഹമാസ് യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ ഇന്നലെ ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച മുതല്‍ ഇസ്രഈല്‍ നടത്തുന്ന അക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,900 കടന്നു. 7,600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രഈലിന്റെ മുന്നറിയിപ്പിന് പിന്നാലെ വടക്കന്‍ ഗസയില്‍ നിന്ന് പതിനായിരങ്ങള്‍ വീടുവിട്ടിറങ്ങി. വെള്ളിയാഴ്ച തന്നെ പലായനം ആരംഭിച്ചിരുന്നു. ഉടന്‍ വീടുവിടണമെന്നാണ് യുദ്ധ വിമാനങ്ങളിലൂടെ ലഘുലേഖകള്‍ വിതരണം ചെയ്ത് ഇസ്രഈല്‍ ആവശ്യപ്പെട്ടത്.
ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താനും ഹമാസ് സംഘങ്ങളുടെ സ്ഥലം കണ്ടെത്താനുമാണിതെന്നാണ് ഇസ്രഈല്‍ പ്രതിരോധമന്ത്രായലയം അറിയിച്ചത്.
എന്നാല്‍, പൊതുജനം വീടുവിടെരുതെന്നും ഇത് ഇസ്രഈലിന്റെ ട്രാപ്പാണെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒഴിഞ്ഞുപോയവര്‍ക്ക് മേലും കഴിഞ്ഞ ദിവസം ഇസ്രഈല്‍ അക്രമണമുണ്ടായെന്ന് ഹമാസ് ആരോപിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 70 പേര്‍ ഇത്തരത്തിലൊരു അക്രമത്തില്‍ കൊല്ലപ്പെട്ടെന്നും ഹമാസ് പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇസ്രഈലിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസയിലും വടക്കേ ഗസയിലേയും താമസിക്കുന്ന ജനങ്ങളോട് അവരുടെ ഇടങ്ങളില്‍ നിന്ന് ഒഴിയാനാണ് നേരത്തെ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നത്. വടക്കേ ഗസയില്‍ നിന്ന് 11 ലക്ഷത്തോളം ആളുകളെ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ സൈന്യം ഒഴിപ്പിക്കും എന്ന മുന്നറിയിപ്പ് ലഭിച്ചതായി യു.എന്നും പറഞ്ഞിരുന്നു.
അതേസമയം, ഗസയിലെ ആശുപത്രികളിലേക്ക് സഹായമെത്തിക്കണമെന്ന് ഫലസ്തീന്‍ അതോറിറ്റി യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളോട് അഭ്യര്‍ഥിച്ചു. ആശുപത്രികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Israel-Hamas war, 70 people were reportedly killed in an Israeli airstrike in Gaza yesterday.