| Friday, 24th November 2023, 9:47 pm

13 ഇസ്രഈലികളെയും 12 തായ് പൗരന്മാരെയും മോചിപ്പിച്ച് ഹമാസ്; തായ് ബന്ദികളുടെ മോചനം ഉടമ്പടിക്ക് പുറമേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെൽ അവീവ്: ഇസ്രഈൽ – ഹമാസ് ഉടമ്പടി പ്രകാരം മോചിപ്പിക്കാൻ നിശ്ചയിച്ച 13 ഇസ്രഈലി ബന്ദികൾക്ക് പുറമേ 12 തായ്ലൻഡ് ബന്ദികളെയും ഹമാസ് മോചിപ്പിച്ചതായി റിപ്പോർട്ട്.

ബന്ദികളെ ഹമാസ് ഈജിപ്തിന് കൈമാറി. തായ്‌ലൻഡുമായി നേരത്തെ ഉണ്ടായിരുന്ന ധാരണ പ്രകാരം 12 പേരെയും മോചിപ്പിച്ചതായി ഈജിപ്‌ത് വിദേശകാര്യ മന്ത്രാലയവും തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.

‘ ഒരു മണിക്കൂറിനകം എംബസി ഉദ്യോഗസ്ഥർ അവരെ സ്വീകരിക്കാനെത്തും,’ തായ് പ്രധാനമന്ത്രി സ്രെത്ത താവിസിൻ എക്സിൽ പോസ്റ്റ് ചെയ്തു.
ഇറാന്റെ മധ്യസ്ഥതയിൽ തായ്‌ലന്റുമായി നടന്ന ധാരണ പ്രകാരം 23 തായ്‌ലൻഡ് ബന്ദികളെ മോചിപ്പിക്കുമെന്ന് ബ്രിട്ടനിലെ മാധ്യമമായ അൽ അറബി അൽ ജദീദ് റിപ്പോർട്ട് ചെയ്തിരുന്നു.

ഹമാസ് ബന്ദികളാക്കിയ 200 പേരിൽ 40 രാജ്യങ്ങളിൽ നിന്നുള്ള ആളുകളുണ്ട്. ഇതിൽ 23 പേരും തായ് പൗരന്മാരാണ്. ഒക്ടോബർ ഏഴിന് ഇസ്രഈലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 1,405 ആളുകളിൽ 32 പേർ തായ്‌ലൻഡ് പൗരന്മാരായിരുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഒക്ടോബർ 26ന് രണ്ട് മണിക്കൂറോളം ഹമാസ് നേതൃത്വവുമായി നേരിട്ട് ചർച്ച നടത്തിയതായി തായ്‌ലൻഡിലെ രാഷ്ട്രീയ നേതാവ് അരീപെൻ ഉട്ടറാസിൻ നേരത്തെ പറഞ്ഞിരുന്നു.

ഹമാസ് ബന്ദികളാക്കിയ തായ് പൗരന്മാർ സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കുന്നതിന് ഉചിതമായ സമയത്തിനായി കാത്തിരിക്കുകയാണെന്നും ഹമാസ് പറഞ്ഞതായി അദ്ദേഹം അറിയിച്ചിരുന്നു.

ദക്ഷിണ കൊറിയക്കും തായ്‌വാനും ശേഷം ഏറ്റവും കൂടുതൽ തായ് കുടിയേറ്റ തൊഴിലാളികളുള്ളത് ഇസ്രഈലിലാണ്. 30,000ലധികം തായ് തൊഴിലാളികൾ ഇസ്രഈലിൽ ജോലി ചെയ്തുവരുന്നുണ്ട്, പ്രത്യേകിച്ച് കാർഷിക മേഖലയിൽ.

നേരത്തെ ബന്ദികളെ വിട്ടയക്കണമെന്ന തായ്‌ലൻഡിന്റെ അഭ്യർത്ഥന ഹമാസിനെ അറിയിക്കുമെന്ന് ഖത്തർ, ഇറാൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ അറിയിച്ചിരുന്നതായി തായ്‌ലൻഡ് വിദേശകാര്യമന്ത്രി പാൺപ്രീ ബഹിദ്ധ നുകര പറഞ്ഞിരുന്നു.

അതേസമയം ഇസ്രഈൽ ഇന്ന് ഫലസ്തീനികളായ 24 സ്ത്രീകളെയും 15 കുട്ടികളെയും മോചിപ്പിക്കും.

CONTENT HIGHLIGHT: Israel-Hamas truce: 12 Thai nationals along with 13 Israeli hostages freed from captivity in Gaza

We use cookies to give you the best possible experience. Learn more