ഗസയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപന ചര്‍ച്ചകളുമായി ഇസ്രഈലും ഹമാസും മറ്റു സഖ്യകക്ഷികളും
World News
ഗസയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപന ചര്‍ച്ചകളുമായി ഇസ്രഈലും ഹമാസും മറ്റു സഖ്യകക്ഷികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th December 2023, 10:54 pm

ഗസ: ഫലസ്തീനില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനായി ഹമാസും ഇസ്രഈലും മറ്റു സഖ്യകക്ഷികളും നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളിലുമായി ബന്ദികളാക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതും ചര്‍ച്ചകളിലെ പ്രധാന വിഷയമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെയ്റോ സന്ദര്‍ശനത്തിനിടക്ക് ഗസയിലെ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചും തടവുകാരെ കൈമാറാനുള്ള സാധ്യതയെക്കുറിച്ചും ഈജിപ്തിലെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവനുമായി ഹമാസ് നേതാവായ ഇസ്മായില്‍ സംസാരിച്ചതായി ഏജന്‍സിയുടെ വൃത്തങ്ങള്‍ എ.എഫ്.പിയോട് പറഞ്ഞു.

എ.എഫ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം ഈജിപ്തിലെ ചര്‍ച്ചകള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 40 ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുന്ന ഉടമ്പടിയിലും ശ്രദ്ധ പുലര്‍ത്തുമെന്നണ് സൂചിപ്പിക്കുന്നത്.

അമേരിക്കന്‍ ഭരണകൂടത്തിന്റെ അറിവോടെ ഖത്തറും ഇസ്രഈലും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും തടവുകാരുടെ കൈമാറ്റം സംബന്ധിച്ച കരാറുകളില്‍ തീരുമാനമെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ ബന്ദികളുടെ മോചനം സംബന്ധിച്ച കരാറില്‍ പുറത്തുവരാന്‍ സാധ്യതയുള്ള വ്യക്തികളെ വിലയിരുത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യപ്രശ്‌നങ്ങളുള്ള സ്ത്രീകളെയും തടവുകാരെയും മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പെടുത്തുന്നതില്‍ ഇസ്രഈല്‍ ഊന്നല്‍ നല്‍കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ ഗുരുതരമായ കുറ്റങ്ങള്‍ക്ക് ഇസ്രഈല്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ട ഫലസ്തീനികളെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും ഉണ്ടെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ മാസം അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഏഴ് ദിവസത്തെ വെടിനിര്‍ത്തലില്‍ അവസാനിക്കുകയും ഗസയില്‍ ഹമാസ് തടവിലാക്കിയ 105 തടവുകാരെയും ഇസ്രഈല്‍ ജയിലുകളില്‍ തടവിലാക്കിയ 240 ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുകയും ചെയ്തു.

Content Highlight: Israel, Hamas and other allies negotiate second phase of cease-fire declaration in Gaza