തെൽ അവീവ്: ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുന്നതിന് പകരമായി ഗസയിൽ നാല് ദിവസം വെടിനിർത്തലിനും ഇസ്രഈൽ ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനികളെ മോചിപ്പിക്കാനും ധാരണ.
ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഒക്ടോബർ ഏഴ് മുതൽ നടക്കുന്ന യുദ്ധത്തിൽ ആദ്യ ഉടമ്പടി തയ്യാറായത്. ഹമാസ് കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്ന പക്ഷം കൂടുതൽ ദിവസം വെടിനിർത്തൽ നടത്തുമെന്ന് ഇസ്രഈൽ അറിയിച്ചു.
അതേസമയം തങ്ങൾ ചർച്ചകളുടെ ഭാഗമായിരുന്നില്ലെങ്കിലും തങ്ങളും വെടിനിർത്തലിൽ പങ്കാളികളാകുമെന്ന് ഹിസ്ബുള്ള അറിയിച്ചു.
ഹമാസ് ബന്ദികളാക്കിയ 240 പേരിൽ നാല് പേരെ നേരത്തെ മോചിപ്പിച്ചിരുന്നു. 24 മണിക്കൂറിനകം ഉടമ്പടി പ്രഖ്യാപിക്കുമെന്നും നവംബർ 23ന് ബന്ദികളെ മോചിപ്പിക്കാൻ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. നവംബർ 23ന് രാവിലെ 10 മണി മുതൽ വെടിനിർത്തൽ നടപ്പാക്കും എന്നാണ് ഹമാസ് അറിയിക്കുന്നത്.
പ്രതിദിനം 10 പേരെങ്കിലും എന്ന നിരക്കിൽ നാല് ദിവസങ്ങളിലായി സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള 50 പേരെയാണ് മോചിപ്പിക്കുക എന്ന് ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ഉടമ്പടിയുടെ ഭാഗമായി മോചിപ്പിക്കുന്ന 300 ഫലസ്തീനി തടവ് പുള്ളികളുടെ പട്ടിക ഇസ്രഈൽ നീതിന്യായ മന്ത്രാലയം പുറത്തുവിട്ടു.
ഹമാസിന്റെ നിബന്ധനകൾ അംഗീകരിച്ച് എത്രയും വേഗം ബന്ദികളെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികളുടെ കുടുംബാംഗങ്ങൾ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
ഗസയിലെ ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14,000 കടന്നിരിക്കുകയാണ്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ 1,200 ഇസ്രഈലികൾ കൊല്ലപ്പെട്ടിരുന്നു.
CONTENT HIGHLIGHT: Israel, Hamas agree first truce, 50 hostages to go free in swap