| Friday, 10th November 2023, 9:00 am

'ഗസയില്‍ നാലുമണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാകില്ല'; അമേരിക്കന്‍ പ്രസ്താവന തള്ളി ഇസ്രഈല്‍ ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍അവീവ്: ഗസയില്‍ നാലുമണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന യു.എസ് റിപ്പോര്‍ട്ടുകള്‍ നിരസിച്ച് ഇസ്രഈല്‍. കഴിഞ്ഞദിവസം ഗസയില്‍ ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രഈല്‍ സമ്മതിച്ചതായും ഗസയിലെ ജനങ്ങള്‍ക്ക് യുദ്ധഭൂമിയില്‍ നിന്ന് പുറത്തു കടക്കാന്‍ സുരക്ഷിതമായ പാത ഒരുക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അമേരിക്കന്‍ പ്രസ്താവനയ്ക്ക് പിന്നാലെ ഗസയിലെ പോരാട്ടം തുടരുമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിന് മുന്‍പ് വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നും നെതന്യാഹുവിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു.

‘ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ജോണ്‍ കിര്‍ബിയുടെ അഭിപ്രായം ഞാന്‍ കണ്ടു. ഗസയില്‍ വെടിനിര്‍ത്തല്‍ ഇല്ല. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു വെടിനിര്‍ത്തല്‍ ഇല്ല,’ ഇസ്രഈല്‍ സൈനിക വക്താവ് റിച്ചാര്‍ഡ് ഹെക്റ്റ് പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തില്‍ കൂടുതല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രഈലിനോട് ആവശ്യപ്പെട്ടിരുന്നതായി ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള സാധ്യതകളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.

‘വടക്കന്‍ ഗസയില്‍ നിന്ന് തെക്കോട്ട് ഫലസ്തീനികള്‍ക്ക് പലായനം ചെയ്യാന്‍ രണ്ടു മാനുഷിക ഇടനാഴികള്‍ ഉണ്ടാകും. ഇസ്രഈല്‍ ആ പ്രദേശങ്ങളില്‍ നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെടിനിര്‍ത്തല്‍ മൂന്ന് മണിക്കൂര്‍ മുമ്പ് തന്നെ അറിയിക്കും. താല്‍ക്കാലികമായി ഈ പ്രദേശങ്ങളില്‍ സൈനിക നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഇസ്രഈലികള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ പ്രക്രിയ ഇന്ന് ആരംഭിക്കുന്നു,’ വ്യാഴാഴ്ച വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട്
പറഞ്ഞിരുന്നു

ഫലസ്തീനികളെ വടക്ക് നിന്ന് തെക്കന്‍ ഗസയിലേക്ക് ബലമായി പുറത്താക്കിയതിനെ ‘നക്ബ 2 ‘എന്നാണ് അന്താരാഷ്ട്ര സംഘടനകള്‍ ആരോപിച്ചത്. 1948 ല്‍ ഇസ്രഈല്‍ രാഷ്ട്ര രൂപീകരണത്തിന് 750,000 ഫലസ്തീനികളെ അവരുടെ പ്രദേശങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വംശീയ ഉന്മൂലനം ചെയ്തിരുന്നു.

Content Highlight: Israel Government rejects U.S temporary ceasefire statement

We use cookies to give you the best possible experience. Learn more