ടെൽ അവീവ്: ഇസ്രഈലി ഭരണകൂടത്തെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പുറത്തുകൊണ്ട് വന്ന് ഇസ്രഈലി മാധ്യമങ്ങൾ. ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ സുരക്ഷാ സേനയിലെ ചില ഉദ്യോഗസ്ഥരുടെ സേവന കാലാവധി നീട്ടാനും ചിലരെ പിരിച്ചുവിടാനും തീരുമാനിച്ചതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്.
അതേസമയം പൊലീസ് ചീഫ് കോബി ഷബ്‌തായ്‌യെ സർവീസിൽ നിലനിർത്താനും പ്രിസൺ സർവീസ് കമ്മീഷണർ കാറ്റി പെരിയെ പിരിച്ചുവിടാനും ഉദ്ദേശിക്കുന്നുവെന്ന റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രി ബെന്നി ഗാൻസ് തള്ളിയതായി സ്രൂഗിം വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
ഗസയിലെ യുദ്ധം നടന്നുകൊണ്ടിരിക്കെ മുതിർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് അനുവദിക്കില്ലെന്ന് ഗാൻസിന്റെ പാർട്ടിയിലെ അംഗങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നെതന്യാഹു ബെൻ ഗ്വിറിന്റെ തീരുമാനത്തിനെതിരെ മുന്നോട്ട് വരണമെന്നും അവർ ആവശ്യപ്പെട്ടു.
അടിയന്തിര സർക്കാരിന്റെ രൂപീകരണ കരാറിൽ രാഷ്ട്രീയ നിയമനങ്ങൾ നീണ്ടുപോകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ യുദ്ധം കഴിയുന്നത് വരെ തുടരുമെന്നും പറയുന്നുണ്ട്.
യുദ്ധകാലയളവിൽ മുതിർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത്, പ്രത്യേകിച്ച് സെക്യൂരിറ്റി ഏജൻസികളുടെ തലവന്മാരെ മാറ്റുന്നത് രാജ്യത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
രാജ്യ സുരക്ഷയെ ബാധിക്കുന്ന നീക്കം നെതന്യാഹു തടയുമെന്നും തെരഞ്ഞെടുപ്പ് പ്രചരണം മുന്നിൽ കണ്ട് രാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ അംഗീകരിക്കില്ലെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlight: Israel: government faces internal crisis with threat of dissolution