|

മറക്കുകയില്ല, പൊറുക്കുകയില്ല; ഇസ്രഈല്‍ ഫലസ്തീനികളെ മോചിപ്പിച്ചത് ഭീഷണി ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ അണിയിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വെടിനിര്‍ത്തല്‍ ധാരണ പ്രകാരം ശനിയാഴ്ച ഇസ്രഈല്‍ കൈമാറിയ ഫലസ്തീന്‍ തടവുകാരെ ഭീഷണി സന്ദേശങ്ങള്‍ ആലേഖനം ചെയത് ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച കൈമാറിയ 369 തടവുകാരെയാണ് ഇസ്രഈല്‍ നിര്‍ബന്ധപൂര്‍വം ഇസ്രഈലിന്റെ പതാകയിലുള്ള ജൂത ചിഹ്നമായ സ്റ്റാര്‍ ഓഫ് ഡേവിഡും അറബിയില്‍ മറക്കുകയില്ല പൊറുക്കുകയുമില്ല എന്ന് അര്‍ത്ഥം വരുന്ന വാചകങ്ങളും പ്രിന്റ് ചെയ്ത് ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചത്. വെളുത്ത നിറത്തിലുള്ള ടീ ഷര്‍ട്ടുകളായിരുന്നു അണിയിച്ചത്.

മൂന്ന് ബന്ദികളെയാണ് ഹമാസ് ശനിയാഴ്ച കൈമാറിയത്. ഇതിന് പകരമായാണ് 369 ഫലസ്തീന്‍ തടവുകാരെ ഇസ്രഈല്‍ വിട്ടയച്ചത്. മോചനത്തിന് തൊട്ടുമുമ്പാണ് ഇസ്രഈല്‍ ജയില്‍ കമീഷണര്‍ കോബി യാക്കോബിയുടെ തീരുമാന പ്രകാരം ഫലസ്തീന്‍ തടവുകാരെ ഇത്തരത്തിലുള്ള ടീ ഷര്‍ട്ടുകള്‍ ധരിപ്പിച്ചത്. മോചനത്തിന് മുമ്പ് തന്നെ ടീ ഷര്‍ട്ടുകള്‍ ധരിച്ച് നില്‍ക്കുന്ന തടവുകാരുടെ ചിത്രങ്ങള്‍ ഇസ്രഈല്‍ പുറത്തുവിട്ടിരുന്നു.

വംശ വെറി വെളിവാക്കുന്ന ഈ നടപടിക്കെതിരെ ഫലസ്തീനിലും ലോക വ്യാപകമായും പ്രതിഷേധങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട തടവുകാരില്‍ ചിലര്‍ ടീ ഷര്‍ട്ടുകള്‍ കത്തിക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

വംശീയ കുറ്റകൃത്യമാണ് ഇസ്രഈലിന്റെ ഈ നടപടിയെന്ന് ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് പറഞ്ഞു. റെഡ്‌ക്രോസ് ഉള്‍പ്പെടെയുള്ള സംഘടനകളും ഇസ്രഈലിന്റെ ഈ നടപടിയെ വിമര്‍ശിച്ചിട്ടുണ്ട്. ഇസ്രഈലിന്റെ ഭാഗത്ത് നിന്ന് നേരത്തെയും ഇത്തരത്തില്‍ തടവുകാരെ മോചിപ്പിക്കല്‍ ഭീഷണിക്കുള്ള അവസരമായി കാണുന്ന നടപടികളുണ്ടായിട്ടുണ്ട്. ഇസ്രഈല്‍ നേരത്തെയും ഇസ്രഈലിന്റെ ജൂത ചിഹ്നം പതിച്ച കൈവളകള്‍ അണിയിച്ച് തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്.

content highlights: Will not forget, will not forgive; Israel freed Palestinians by wearing t-shirts with threats written on them