ഒമിക്രോണിനെതിരെ വാക്‌സിന്റെ നാല് ഡോസും മതിയാകില്ല; രോഗപ്പകര്‍ച്ച തടയാന്‍ ബൂസ്റ്ററിന് സാധിച്ചില്ല; ഇസ്രഈല്‍ പഠനം
World News
ഒമിക്രോണിനെതിരെ വാക്‌സിന്റെ നാല് ഡോസും മതിയാകില്ല; രോഗപ്പകര്‍ച്ച തടയാന്‍ ബൂസ്റ്ററിന് സാധിച്ചില്ല; ഇസ്രഈല്‍ പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th January 2022, 11:20 am

ടെല്‍ അവീവ്: ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രഈലില്‍ നിന്നുള്ള പഠനം.

വാക്‌സിന്റെ നാലാം ഡോസിന് ഒമിക്രോണ്‍ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള ശേഷി കുറഞ്ഞ് വരികയാണെന്നാണ് ഇസ്രഈലില്‍ നടത്തിയ പരീക്ഷണപഠനം പറയുന്നത്.

ടെല്‍ അവീവിന് സമീപമുള്ള ഷെബ മെഡിക്കല്‍ സെന്ററിലെ 154 മെഡിക്കല്‍ സ്റ്റാഫുകള്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഫൈസര്‍ വാക്‌സിന്റെ നാലാം ഡോസിന് നേരിയ തോതില്‍ മാത്രമേ വൈറസ് വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുള്ളൂ എന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡെല്‍റ്റ അടക്കം കൊവിഡിന്റെ മുമ്പത്തെ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഒമിക്രോണിനെതിരെ ഫൈസര്‍ വാക്‌സിന് കുറഞ്ഞ പ്രവര്‍ത്തനക്ഷമതയാണ്.

പഠന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലും രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമടക്കം വാക്‌സിന്റെ നാലാം ഡോസ് നല്‍കുന്ന നടപടികളുമായി ഇസ്രഈല്‍ മുന്നോട്ട് പോകുകയാണ്.

രണ്ട് ഡോസ് വാക്‌സിനുമെടുത്ത് അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ബൂസ്റ്ററിന്റെ രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

അതേസമയം, ആളുകള്‍ക്ക് കൂടുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ യൂണിയന്‍ ഡ്രഗ് റെഗുലേറ്റുമടക്കമുള്ളവ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

ലോകത്ത് വാക്‌സിനേഷന്‍ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രഈല്‍. വാക്‌സിന്റെ നാലാം ഡോസ് നല്‍കാന്‍ ആരംഭിച്ച ആദ്യ രാജ്യവും ഇസ്രഈല്‍ ആണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Israel finds 4 Covid vaccine jabs is not good enough against Omicron