| Sunday, 9th June 2024, 9:57 pm

അല്‍ ജസീറയുടെ നിരോധനം 45 ദിവസത്തേക്ക് കൂടി നീട്ടി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് 45 ദിവസത്തേക്ക് കൂടി നീട്ടി ഇസ്രഈല്‍. നിലവില്‍ 35 ദിവസത്തെ പ്രാരംഭ നിരോധനം അവസാനിച്ചതിന് പിന്നലെയാണ് ഇസ്രഈലിലെ ടെലികോം റെഗുലേറ്ററിന്റെ തീരുമാനം.

കേബിള്‍, സാറ്റലൈറ്റ് കമ്പനികളിലെ അല്‍ ജസീറ നെറ്റ്വര്‍ക്കിന്റെ പ്രക്ഷേപണങ്ങളും അതിന്റെ വെബ്സൈറ്റുകളിലേക്കുള്ള ആക്സസ്സും തടയുമെന്നും ഇസ്രഈല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയവും അറിയിച്ചു. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നെതന്യാഹു സര്‍ക്കാരിന്റെ തീരുമാനം ഇസ്രഈല്‍ കോടതി ശരിവെച്ചു.

നിരോധനത്തിനെതിരെ അല്‍ ജസീറ ഇസ്രഈല്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹരജി തള്ളിയ സുപ്രീം കോടതി സര്‍ക്കാരിന്റെ നടപടി മുന്‍കാല ക്രമീകരണങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസും അല്‍ ജസീറയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ജഡ്ജി ഷായ് യാനിവ് നേരത്തെ പറഞ്ഞിരുന്നു.

തങ്ങള്‍ക്കെതിരെ ഇസ്രഈല്‍ ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റാണ്. ഇസ്രഈലില്‍ അല്‍ ജസീറ അക്രമമോ തീവ്രവാദമോ പ്രോത്സാഹിപ്പിച്ചിട്ടില്ല. നിരോധനം നിയമവിരുദ്ധമാണ്,’ എന്ന് അല്‍ ജസീറ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം തീവ്രവാദ ചാനലായ അല്‍ ജസീറയെ രാജ്യത്ത് സംപ്രേക്ഷണം നടത്താന്‍ സമ്മതിക്കില്ലെന്ന് ഇസ്രഈല്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി ഷ്‌ലോമോ കാര്‍ഹി പറഞ്ഞു. ഇസ്രഈലിന്റെ പോരാളികളെ അപകടത്തില്‍ ആക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കില്ലെന്നും കാര്‍ഹി കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ നേരിട്ട സുരക്ഷാ ഭീഷണി കണക്കിലെടുത്ത് അല്‍ ജസീറക്കെതിരെയുള്ള നിരോധനത്തിന്റെ കാലാവധി ഇനിയും നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷ്‌ലോമോ കാര്‍ഹി പറഞ്ഞു.

മെയ് അഞ്ചിനാണ് രാജ്യത്ത് അല്‍ ജസീറയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇസ്രഈല്‍ മന്ത്രിസഭയില്‍ വോട്ടെടുപ്പ് നടന്നത്. അല്‍ ജസീറ മുമ്പ് ജെറുസലേം, ടെല്‍അവീവ് എന്നിവിടങ്ങളില്‍ നിന്ന് തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. പിന്നീട് എല്ലാ കവറേജുകളും റാമല്ലയില്‍ നിന്ന് മാത്രം നടത്താന്‍ അല്‍ ജസീറ നിര്‍ബന്ധിതാരവുകയുമുണ്ടായി.

അല്‍ ജസീറയുടെ പ്രവര്‍ത്തനം ഇസ്രഈലിന്റെ സുരക്ഷയെ ബാധിച്ചെന്നും ചാനല്‍ ഹമാസിന്റെ മുഖപ്പത്രം ആണെന്നുമാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്ന് പറഞ്ഞിരുന്നത്. സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതാണ് തീരുമാനമെന്നും നെതന്യാഹുവിന്റെ ആരോപണങ്ങളെല്ലാം നുണയാണെന്നുമാണ് അല്‍ ജസീറ ഇതിനോട് പ്രതികരിച്ചത്.

Content Highlight: Israel extends ban on Al Jazeera by 45 days

Latest Stories

We use cookies to give you the best possible experience. Learn more