ഇസ്രഈല്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്തു ; മനുഷ്യാകാശ ബോര്‍ഡ് ഡയറക്ടറെ പുറത്താക്കി
Worldnews
ഇസ്രഈല്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്തു ; മനുഷ്യാകാശ ബോര്‍ഡ് ഡയറക്ടറെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2019, 8:49 pm

ജറുസലേം: ഫലസ്തീനെതിരെ ഇസ്രഈല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഇസ്രഈല്‍-ഫലസ്തീന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഡയരക്ടറെ പുറത്താക്കി ഇസ്രഈല്‍ കോടതി ഉത്തരവ്. ഒമര്‍ ഷാക്കിര്‍ എന്ന യു.എസ് പൗരനായ ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയിരിക്കുന്നത്.

ഇസ്രഈല്‍ അധിനിവേശത്തെ എതിര്‍ക്കുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം ഇല്ല എന്ന 2017 ലെ നിയമത്തെ ഇദ്ദേഹം ലംഘിച്ചു എന്നതാണ് നടപടിക്കു കാരണമായത്. ഇതിനൊപ്പം ഇസ്രഈലിന്റെ സൈനിക നടപടികളെ വിമര്‍ശിച്ചു എന്നും ആരോപിക്കുന്നു. 25 ദിവസത്തെ സമയമാണ് ഒമര്‍ ഷാക്കിറിന് ഇസ്രഈല്‍ വിട്ടു പോവാന്‍ അനുവദിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇസ്രഈലിനെതിരെയല്ല തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും ആഗോള തലത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍  ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.

ഇസ്രഈലിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മനുഷ്യാവകാശ ബോര്‍ഡ് നടത്തിയത്.

‘മനുഷ്യാകാശ പ്രവര്‍ത്തകരെ വിലക്കിയ ഈജിപ്ത്, ഇറാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇസ്രഈലും വന്നിരിക്കുന്നു. പക്ഷേ ഇസ്രഈലിന് അധിക കാലം ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ മറച്ചു വെക്കാനാവില്ല.
രാജ്യത്തെ മനുഷ്യവകാശ ഉദ്യോഗസ്ഥനെ വിലക്കിയ ഈ സര്‍ക്കാര്‍ ഫലസ്തീനില്‍ വലിയ ആഗോള സമ്മര്‍ദ്ദമില്ലാതെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിര്‍ത്താന്‍ പോവുന്നില്ല’. എന്നാണ് ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടരായ കെന്നത്ത് റോത്ത് പറഞ്ഞിരിക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യാവകാശ സംഘടന തുടര്‍ന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈയടുത്തായി ഇസ്രഈലിലെ മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഇസ്രഈലിന്റെ അധീനതയിലുള്ള വെസ്റ്റ് ബാങ്ക് മേഖലകളിലേക്ക് പ്രവേശന അനുമതി ലഭിച്ചിരുന്നില്ല.