| Sunday, 13th December 2020, 2:57 pm

മൊറോക്കോയ്ക്ക് പിന്നാലെ ഭൂട്ടാനുമായും ബന്ധം സ്ഥാപിച്ച് ഇസ്രഈല്‍; സൗദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഉടന്‍ അനുനയത്തിലെത്തുമെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച് ഭൂട്ടാന്‍. മൊറോക്കോയുമായുള്ള നോര്‍മലൈസേഷന്‍ ഡീലിന് പിന്നാലെയാണ് ഇസ്രഈല്‍ ഭൂട്ടാനുമായും നയതന്ത്ര ബന്ധം സ്ഥാപിച്ചത്.

കരാറില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്തോഷം പ്രകടിപ്പിച്ചു. ഇതിനോടകം നാല് അറബ് രാഷ്ട്രങ്ങളുമായി ഇസ്രഈല്‍ നോര്‍മലൈസേഷന്‍ കരാറില്‍ ഒപ്പുവെച്ചു. സൗദി അറേബ്യയും, ഒമാനും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ചരിത്രപരമായ ദിവസമെന്നാണ് ഇരുരാജ്യങ്ങളും കരാറിനെ വിശേഷിപ്പിച്ചത്. സാമ്പത്തികവും സാങ്കേതികവും കാര്‍ഷികവുമായ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം സ്ഥാപിക്കും.

ഇസ്രഈലുമായുള്ള അറബ് രാഷ്ട്രങ്ങളുട നയതന്ത്ര ബന്ധത്തിനെതിരെ ഫലസ്തീന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഇസ്രഈലും മൊറോക്കോയും തമ്മിലുള്ള നോര്‍മലൈസേഷന്‍ കരാര്‍ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു.

വിവാദമായ സഹാറ തര്‍ക്കഭൂമിക്ക് മേലുള്ള തങ്ങളുടെ അവകാശവാദം അമേരിക്ക അംഗീകരിച്ചതോടെയാണ് ഇസ്രഈലുമായുള്ള ബന്ധത്തിന് മൊറോക്കോ തയ്യാറായത്. അടുത്തിടെ ഇസ്രഈലുമായി, യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ബന്ധം സ്ഥാപിച്ചിരുന്നു.

ഇസ്രഈലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടിനെതിരെ ഫലസ്തീന്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുന്നതിന് മുന്‍പ് പരമാവധി അറബ് രാജ്യങ്ങളെ ഇസ്രഈലുമായി അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ദശാബ്ദങ്ങളായി മൊറോക്കോ നോട്ടമിട്ട പശ്ചിമ സഹാറ മേഖലയിലൂടെയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഇസ്രഈല്‍ – മെറോക്ക അനുനയ നീക്കം നടന്നത്. മൊറോക്കോ അവകാശവാദം ഉന്നയിക്കുന്ന സഹാറയെ ആഫ്രിക്കന്‍ യൂണിയന്‍ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചിരുന്നു. മേഖലയെ സ്വന്തമാക്കാനായി മൊറോക്ക നിരന്തരം നയതന്ത്ര ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് മൊറോക്കോയുട സഹാറ അവകാശവാദം അമേരിക്ക അംഗീകരിച്ചത്. ഇത് മേഖലയില്‍ അടുത്ത സംഘര്‍ഷത്തിനും ഇടയാക്കും.

1975ലാണ് സ്പാനിഷ് കോളനിയായ പശ്ചിമ സഹാറ മൊറോക്കൊയ്‌ക്കൊപ്പം ചേര്‍ക്കപ്പെടുന്നത്. തങ്ങളെ സ്വതന്ത്ര്യ രാജ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ സഹാറയില്‍ പൊലീസാരിയോ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സമരവും നടന്നു വരികയാണ്.

16 വര്‍ഷത്തിലേറേ നീണ്ടു നിന്ന ഏറ്റുമുട്ടല്‍ യു.എന്‍ മധ്യസ്ഥതയിലാണ് പരിഹരിച്ചിരുന്നത്. അന്ന് ഹിത പരിശോധന നടത്താമെന്ന വ്യവസ്ഥയിലായിരുന്നു സംഘര്‍ഷങ്ങള്‍ അയഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Israel establishes ‘formal diplomatic relations’ with Bhutan

We use cookies to give you the best possible experience. Learn more