| Thursday, 25th April 2024, 11:16 pm

പിന്തുണക്കുന്നവരെയും തിരിച്ചടിച്ച് ഇസ്രഈല്‍; ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിലെ സഹായ ഗ്രൂപ്പുകളെ ആക്രമിച്ച് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനിലേക്ക് സഹായമെത്തിക്കുന്ന സഹായ ഗ്രൂപ്പുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിച്ച് ഇസ്രഈല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സര്‍ക്കാരിനും പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ള സഹായ ഗ്രൂപ്പുകളും സൈന്യത്തിന്റെ ആക്രമണത്തിന് ഇരയാവുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ഫ്രാന്‍സ്), ഫലസ്തീനിലേക്കുള്ള മെഡിക്കല്‍ എയ്ഡ് (യു.കെ), ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി (യു.എസ്), ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (സ്വിറ്റ്സര്‍ലന്‍ഡ്), അനെറ (യു.എസ്), വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ (യു.എസ്) എന്നീ ഗ്രൂപ്പുകളെ സൈന്യം ആക്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അനെറയിലെ ഒരു സ്റ്റാഫ് ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ തെളിവുകളും മറ്റ് സ്രോതസുകളും വിലയിരുത്തിക്കൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം ഗസയിലെ രാജ്യത്തെ എയ്ഡ് ഏജന്‍സിയിലെ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രാഈല്‍ അംബാസിഡറെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ബെല്‍ജിയം തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാത്രി കിഴക്കന്‍ റഫയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തിനിടെ ഏജന്‍സി തൊഴിലാളിയായ അബ്ദുല്ല നഭാനും അദ്ദേഹത്തിന്റെ ഏഴ് വയസുള്ള മകന്‍ ജമാലും കൊല്ലപ്പെട്ടതായി ബ്രസല്‍സ് അറിയിച്ചിരുന്നു.

Content Highlight: Israel escalates attacks on aid groups bringing aid to Palestine

We use cookies to give you the best possible experience. Learn more