ന്യൂദല്‍ഹി: വിനോദ സഞ്ചാരത്തിനായി ഇന്ത്യന്‍ ബീച്ചുകള്‍ തെരഞ്ഞെടുക്കാന്‍ പൗരന്മാര്‍ക്ക് ഇസ്രഈല്‍ എംബസിയുടെ നിര്‍ദേശം. മാലിദ്വീപ് ഇസ്രാഈല്‍ പൗരന്മാര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഇസ്രഈല്‍ എംബസി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
‘മാലിദ്വീപ് സര്‍ക്കാരിന്റെ തീരുമാനത്തിന് നന്ദി, ഇസ്രഈലികള്‍ക്ക് ഇപ്പോള്‍ ലക്ഷദ്വീപിലെ മനോഹരമായ ബീച്ചുകള്‍ വിനോദ സഞ്ചാരത്തിനായി തെരഞ്ഞെടുക്കാം,’ ഇന്ത്യയിലെ ഇസ്രഈല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കോബി ശോഷാനിയുടെ പോസ്റ്റ്.
അതേസമയം, മാലിദ്വീപ് ഇനി ഇസ്രഈലികളെ സ്വാഗതം ചെയ്യുന്നില്ല. ഇസ്രഈല്‍ വിനോദസഞ്ചാരികള്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കുകയും അത്യധികം ആതിഥ്യമര്യാദയോടെ പെരുമാറുകയും ചെയ്യുന്ന മനോഹരവും അതിശയകരവുമായ ചില ഇന്ത്യന്‍ ബീച്ചുകള്‍ ഇതാ… എന്ന കുറിപ്പും ഒപ്പം ഇന്ത്യന്‍ ബീച്ചുകളുടെ ഏതാനും ചിത്രങ്ങളും പങ്കുവെച്ചാണ് ഇസ്രഈല്‍ എംബസിയുടെ അറിയിപ്പ്.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മാലിദ്വീപിന്റെ വിലക്ക്. ഇസ്രഈലികള്‍ മാലിദ്വീപില്‍ പ്രവേശിക്കുന്നത് തടയാന്‍ ആവശ്യമായ നിയമ ഭേദഗതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കാബിനറ്റ് ഉപസമിതി രൂപീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പുറമേ ഫലസ്തീന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ രാജ്യത്ത് നിന്ന് പ്രതിനിധിയെ അയക്കുമെന്നും മാലിദ്വീപ് അറിയിച്ചിരുന്നു. ഫലസ്തീനികള്‍ക്ക് വേണ്ടി ധനസമാഹരണ ക്യാമ്പയിനും രാജ്യവ്യാപകമായി റാലിയും നടത്താന്‍ മാലിദ്വീപ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇസ്രഈലിനെതിരെ ജനരോക്ഷം വര്‍ധിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ നീക്കം.
ഓരോ വര്‍ഷവും ഏകദേശം 11,000 ഇസ്രഈലികള്‍ ആണ് മാലിദ്വീപ് സന്ദര്‍ശിക്കുന്നത്. അതായത് മൊത്തം വിനോദസഞ്ചാരികളുടെ 0.6 ശതമാനം.
Content Highlight: Israel Embassy advises citizens to choose Indian beaches for tourism