ടെല്‍ അവീവ്: രണ്ട് വര്‍ഷത്തിനിടെ നാലാമതും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുകയാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക എന്നാണ് പറയുന്നത്.
നെതന്യാഹുവിനും അദ്ദേഹത്തിന്റെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡിനും കേവല ഭൂരിപക്ഷമായ 61 സീറ്റിലേക്ക് എത്താന്‍ അല്‍പ്പം വിയര്‍ക്കേണ്ടിവരുമെന്ന് പ്രവചനങ്ങള്‍ പറയുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ സൂഷ്മമായ ഇടപെടലാണ് അദ്ദേഹം നടത്തുന്നതും. മറ്റു ദേശീയ പാര്‍ട്ടികള്‍ മുമ്പില്ലാത്ത വിധത്തില്‍ കടുത്ത മത്സരവും നെതന്യാഹുവിന് മുമ്പില്‍ കാഴ്ചവെക്കുന്നുണ്ട്.
വെല്ലുവിളികള്‍
കൊവിഡും, അതുയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധികളും നെതന്യാഹുവിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ വാക്‌സിനേഷന്‍ പ്രോഗ്രാമുകളിലൂടെ ഇത് ഒരു പരിധിവരെ നേരിടാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
നിലവില്‍ ഇസ്രഈലിലെ കൊവിഡ് കേസുകളിലും വലിയ കുറവാണുള്ളളത്. ഇത്തരത്തില്‍ കൊവിഡുമായി ബന്ധപ്പെട്ട വെല്ലുവിളികളെ പിടിച്ചു നിര്‍ത്താന്‍ നെതന്യാഹുവിന് സാധിച്ചിട്ടുണ്ട്.
അതേസമയം കടുത്ത അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നേരെ ഉള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് വലിയ രീതിയില്‍ പ്രചാരണായുധമാക്കി മാറ്റിയിട്ടുമുണ്ട്.
എതിരാളിയാര്
യെഷ് ആദിദ് പാര്‍ട്ടിയുടെ നേതാവും, മുന്‍ ധനകാര്യ മന്ത്രിയും ടെലിവിഷന്‍ അവതാരകനുമായ യെര്‍ ലാപിഡാണ് നെതന്യാഹുവിന്റെ പ്രധാന എതിരാളി. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി ന്യൂ ഹോപ് പാര്‍ട്ടി രൂപീകരിച്ച ക്യാബിനറ്റ് മന്ത്രി കൂടിയായ ഗിഡിയോണ്‍ സാറും മറ്റൊരു പ്രധാന എതിരാളിയാണ്.
ആശ്വസിക്കാനാകുമോ ബെന്നി ഗാന്റ്‌സില്‍
രണ്ട് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് വലിയ വെല്ലുവിളി ഉയര്‍ത്തിയ ബെന്നി ഗാന്റ്‌സ് കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ലികുഡ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്നിരുന്നു.
ഇത് സാധ്യതയായി വിലയിരുത്തുമ്പോഴും, നെതന്യാഹുവിനൊപ്പം ചേര്‍ന്നതിന് ശേഷം ബെന്നി ഗാന്റ്‌സിന്റെ സ്വീകാര്യത കുറഞ്ഞുവെന്നാണ് സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നത്. അദ്ദേഹത്തിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് അതുകൊണ്ടുതന്നെ സീറ്റുകളൊന്നും ലഭിക്കില്ലെന്നും പറയുന്നു.
അറബ് വോട്ടുകള്‍
കഴിഞ്ഞ വര്‍ഷം അറബ് വോട്ടര്‍മാര്‍ വലിയ ഭീഷണിയാണെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട ബെഞ്ചമിന്‍ നെതന്യാഹു ഇക്കുറി തന്റെ സമീപനം മൃദുപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ പരാമര്‍ശങ്ങളുമായി വോട്ടര്‍മാരെ അധിക്ഷേപിച്ച നെതന്യാഹു ഇക്കുറി വോട്ട് തേടി ഇസ്രഈലിലെ അറബ് വോട്ടര്‍മാരുടെ അടുത്തും എത്തിയിരുന്നു.
കൂട്ടമായെത്തി തനിക്ക് വോട്ട് ചെയ്യണമെന്നാണ് ഇത്തവണ നെതന്യാഹു അറബ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രഈലിലെ അറബ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ നിഷ്‌ക്രിയത്വം നെതന്യാഹുവിലേക്ക് ചില വോട്ടര്‍മാരെ അടുപ്പിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്
ഇതുവരെ വന്ന അഭിപ്രായ സര്‍വ്വേകളെല്ലാം കടുത്ത പോരാട്ടമായിരിക്കും ഇസ്രഈലില്‍ നടക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. അതേസമയം നെതന്യാഹുവിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും പറയുന്നു.
എന്നാല്‍ കേവല ഭൂരിപക്ഷത്തിനുള്ള 61 സീറ്റുകള്‍ ലികുഡ് പാര്‍ട്ടിക്ക് ലഭിക്കാന്‍ സാധ്യതയില്ല എന്നും പ്രവചനങ്ങള്‍ ഉണ്ട്. അങ്ങിനെ സംഭവിച്ചാല്‍ സഖ്യകക്ഷികളിലൂടെ അധികാരം പിടിച്ചെടുക്കുന്നത് നെതന്യാഹുവിന് പ്രയാസമേറിയ കാര്യമായിരിക്കും.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും സഖ്യകക്ഷി സാധ്യതകളെ വിജയകരമായ ലക്ഷ്യത്തിലെത്തിക്കാന്‍ ലികുഡ് പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Israel election 2021; Major challenges for Benjamin Netanyahu