| Tuesday, 28th June 2022, 8:14 am

'യു.എസ് കോടതിവിധി ദുഖകരം'; മറുപടിയായി രാജ്യത്തെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ സ്ത്രീസൗഹൃദമാക്കി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന വിവാദമായ യു.എസ് സുപ്രീംകോടതി വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി യു.എസിന്റെ സഖ്യരാജ്യമായ ഇസ്രഈലും. യു.എസ് കോടതിയുടെ വിധിക്ക് മറുപടിയെന്നോണം രാജ്യത്തെ ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ ഇസ്രഈല്‍ കൂടുതല്‍ മയപ്പെടുത്തി.

പുതിയ നിയമങ്ങള്‍ ഇസ്രഈലി പാര്‍ലമെന്ററി കമ്മിറ്റിയും പാസാക്കിയിട്ടുണ്ട്. പുതിയ നിയമം പ്രകാരം സ്ത്രീകള്‍ക്ക് രാജ്യത്തെ യൂണിവേഴസല്‍ ഹെല്‍ത്ത് സിസ്റ്റം വഴി ഗര്‍ഭഛിദ്രത്തിന് വേണ്ട മരുന്നുകള്‍ എളുപ്പത്തില്‍ ലഭ്യമാകും.

ഇതോടെ പ്രാദേശിക ഹെല്‍ത്ത് ക്ലിനിക്കുകള്‍ വഴി സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ അബോര്‍ഷന്‍ ഗുളികകള്‍ ലഭ്യമാകും.

മാത്രമല്ല, അബോര്‍ഷന്‍ നടത്തുന്നതിന് മുമ്പ് ആ സ്ത്രീ നേരിട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ അബോര്‍ഷന്‍ അപ്പ്രൂവല്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം എന്ന നേരത്തെയുണ്ടായിരുന്ന നിബന്ധനയും എടുത്തുമാറ്റിയിട്ടുണ്ട്. പകരം നടപടിക്രമങ്ങള്‍ ഡിജിറ്റലാക്കി മാറ്റും. മൂന്ന് മാസത്തിനകം ഇത് നിലവില്‍ വരും.

രാജ്യത്ത് അബോര്‍ഷന്‍ അപ്പ്രൂവല്‍ കമ്മിറ്റിക്കെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അബോര്‍ഷന് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ മയപ്പെടുത്തിരിക്കുകയാണെന്നും ഇത് റോയ് v/s വേഡ് കേസിലെ വിധിയെ അട്ടിമറിച്ച് കൊണ്ടുള്ള ‘ദുഖകരമായ’ യു.എസ് സുപ്രീംകോടതി വിധിക്കുള്ള മറുപടിയാണെന്നും ഇസ്രഈല്‍ ആരോഗ്യമന്ത്രിയും പ്രതികരിച്ചു.

”ഒരു സ്ത്രീക്ക് അവരുടെ ശരീരത്തില്‍ പൂര്‍ണ അവകാശമുണ്ട്. സ്വന്തം ശരീരത്തിന്മേലുള്ള ഒരു തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അവകാശം നിഷേധിക്കുന്ന യു.എസ് സുപ്രീംകോടതിയുടെ വിധി സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിന്റെ ദുഖകരമായ അവസ്ഥയാണ്, സ്വതന്ത്ര രാജ്യത്തെ 100 വര്‍ഷം പിന്നോട്ടടിക്കുന്ന കാര്യമാണ്,” ഇസ്രഈല്‍ ആരോഗ്യമന്ത്രി നിട്‌സാന്‍ ഹൊറൊവിട്‌സ് പറഞ്ഞു.

യു.എസുമായി താരതമ്യം ചെയ്യുമ്പോള്‍ അബോര്‍ഷന്‍ പ്രക്രിയകള്‍ കൂടുതല്‍ എളുപ്പമായ രാജ്യമാണ് ഇസ്രഈല്‍.

1973ല്‍ രാജ്യത്തുടനീളം ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് v/s വേഡ് എന്ന സുപ്രധാന കേസിലെ വിധിയാണ് യു.എസ് സുപ്രീംകോടതി റദ്ദാക്കിയത്.

കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ക്ക് ഭൂരിപക്ഷമുള്ള കോടതി ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് 50 വര്‍ഷത്തോളം പഴക്കമുള്ള കേസിലെ വിധി തിരുത്തിക്കൊണ്ട് വിവാദ വിധി പ്രസ്താവിച്ചത്.

ഇതോടെ യു.എസിലെ സംസ്ഥാനങ്ങള്‍ക്ക് ഇനിമുതല്‍ ഗര്‍ഭഛിദ്ര നിയമം നിര്‍മിക്കാന്‍ അനുമതിയുണ്ടാകും. പകുതിയോളം വരുന്ന സംസ്ഥാനങ്ങള്‍ ഉടന്‍ നിയമനിര്‍മാണത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 30 ദിവസത്തിനകം നിരോധനം നടപ്പിലാകും.

നിലവിലെ വിധി പ്രകാരം രാജ്യത്ത് ഓരോ സംസ്ഥാനത്തിനും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതും അനുവദിക്കാതിരിക്കുന്നതും സംബന്ധിച്ച് തീരുമാനിക്കാം എന്നാണ്.

സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും വിധിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ വിധിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മുന്‍ യു.എസ് പ്രസിഡന്റും റിപബ്ലിക്കന്‍ നേതാവുമായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

യു.എസിനകത്തും പുറത്തും വിധിക്കെതിരെ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.

Content Highlight: Israel eases abortion regulations as a response to US Supreme Court ruling, says it is sad

We use cookies to give you the best possible experience. Learn more