അക്രമകാരികളെ പ്രളയമെടുക്കുമെന്ന ഖുർആൻ വചനം ഉൾപ്പെടുത്തി ഇസ്രഈൽ ലഘുലേഖ; ഗസയിലെ തുരങ്കങ്ങൾ നശിപ്പിക്കാൻ പദ്ധതിയെന്ന് സംശയം
ഗസ: അക്രമകാരികളെ പ്രളയമെടുക്കുമെന്ന ഖുർആൻ വാക്യങ്ങൾ അടങ്ങുന്ന ലഘുലേഖകൾ തെക്കൻ ഗസയിൽ വിതരണം ചെയ്ത് ഇസ്രഈൽ സേന.
ഖാൻ യൂനിസിൽ നിന്നെടുത്ത വീഡിയോ ഫൂട്ടേജിൽ ഇസ്രഈലി യുദ്ധവിമാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ലഘുലേഖകൾ താഴെക്കിടുന്നത് കാണാം.
‘അവർ അക്രമകാരികളായിരിക്കെ പ്രളയം അവരെ കൊണ്ടുപോയി’ എന്ന ഖുർആൻ വചനമാണ് ലഘുലേഖകളിൽ ഉള്ളത്. ഡേവിഡിന്റെ നക്ഷത്രത്തിനും ഇസ്രഈലി ആർമിയുടെ ലോഗോക്കുമൊപ്പമുള്ള വചനങ്ങൾ ഖുർആനിലെ നൂഹ് നബിയുടെയും ബൈബിളിലെ നോവയുടെയും കഥയാണ് ഉദ്ദേശിക്കുന്നത്
ഇരു വേദഗ്രന്ഥങ്ങളിലും, അക്രമകാരികളെ ദൈവം പ്രളയം കൊണ്ട് നശിപ്പിച്ചുവെന്നാണ് പറയുന്നത്.
ഇസ്രഈൽ സേനയുടെ നടപടിയിൽ ഫലസ്തീനികൾ പ്രതിഷേധം അറിയിച്ചു.
‘ഇസ്രഈലാണ് അക്രമകാരികൾ, ഞങ്ങളല്ല. അവരാണ് നിഷ്കളങ്കരായ ജനങ്ങളെയും നിസ്സഹായരായ കുട്ടികളെയും ആക്രമിക്കുന്നത്.
ഞങ്ങളുടെ പക്കൽ ആയുധങ്ങളില്ല, ഞങ്ങൾ തീവ്രവാദികളല്ല, ഞങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ല. പിന്നെ എന്താണ് ഈ വാക്കുകളുടെ അർത്ഥം?’ വടക്കൻ ഗസയിൽ നിന്ന് കുടിയിറക്കപ്പെട്ട ഉം ഷാദി അബു അൽ തറബീഷ് പറഞ്ഞു.
ഗസ മുനമ്പിലെ തുരങ്കങ്ങൾ കടൽ വെള്ളം ഒഴുക്കി നശിപ്പിക്കാനുള്ള ഇസ്രഈലിന്റെ പദ്ധതിയാണോ പ്രളയ പരാമർശത്തിലൂടെ ഇസ്രഈൽ ഉദ്ദേശിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.
നവംബറിൽ തെക്കൻ ഗസയിലെ അൽഷാദി അഭയാർത്ഥി ക്യാമ്പിന് സമീപത്തായി ഇസ്രഈലി സേന അഞ്ച് കടൽ വെള്ള പമ്പ് സെറ്റുകൾ തയ്യാറാക്കിയതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.