| Saturday, 19th October 2024, 9:16 pm

സിന്‍വാറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന ലഘുലേഖകള്‍ ഗസയില്‍ വിതറി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയില്‍ ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലഘുലേഖകള്‍ വിതറി ഇസ്രഈല്‍. വിമാനത്തിലെത്തിയ ഇസ്രഈലിന്റെ വ്യോമസംഘമാണ് ഗസയ്ക്ക് മുകളില്‍ ലേഖകള്‍ വിതറിയത്.

‘ആയുധങ്ങള്‍ താഴെ വെക്കാന്‍ തയ്യാറായാല്‍ ബന്ദികളെ സമാധാനത്തോടെ വിട്ടയക്കും,’ എന്ന് ലഘുലേഖയില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് പ്രതികരിച്ചിരുന്നു. പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചിരുന്നു.

റഫയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാറിനെ കൊലപ്പെടുത്തിയെന്ന് വ്യാഴാഴ്ച്ച ഇസ്രഈല്‍ അവകാശവാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് സിന്‍വാറിന്റെ  മരണം സ്ഥിരീകരിച്ച് ഹമാസ് ഇന്നലെ പ്രതികരിച്ചത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ യഹ്‌യ സിന്‍വാറാണെന്നും ഡി.എന്‍.എ. പരിശോധനയില്‍ അത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ഐ.ഡി.എഫ്അവകാശപ്പെട്ടത്.

അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ മൂന്ന് തീവ്രവാദികളുണ്ടായിരുന്നെന്നും ഇതില്‍ ഒരാള്‍ സിന്‍വാറാണെന്നുമാണ് ഇസ്രഈല്‍ അവകാശപ്പെട്ടിരുന്നത്. സിന്‍വാറിന്റേതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ ചിത്രവും ഇസ്രഈല്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ജെറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് വരെ തങ്ങള്‍ പോരാട്ടം തുടരുമെന്ന് ഗസയിലെ ഹമാസിന്റെ തലവന്‍ ഖലീല്‍ അല്‍-ഹയ്യ പ്രതികരിക്കുകയുണ്ടായി. അല്‍ ജസീറയിലൂടെ ഖലീല്‍ അല്‍-ഹയ്യയാണ് യഹ്യ സിന്‍വാര്‍ മരണപ്പെട്ട വിവരം സ്ഥിരീകരിച്ചത്.

‘ഹമാസ് രക്തസാക്ഷികളില്‍ സിന്‍വാറിന്റെ സ്ഥാനം ഏറ്റവും മുന്‍നിരയിലാണ്. ഈ രക്തസാക്ഷിത്തം ഞങ്ങള്‍ക്ക് ഊര്‍ജമാണ് നല്‍കുന്നത്. ഫലസ്തീന്‍ സ്വാതന്ത്രമാകും വരെ പോരാടും,’ എന്ന് ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സും പറഞ്ഞിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം 42,500 ഫലസ്തീനികളെയാണ് ഇസ്രഈല്‍ കൊന്നൊടുക്കിയത്. 14,100 കുട്ടികളാണ് ഫലസ്തീനില്‍ ഇതുവരെ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നേരത്തെ ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ തെക്കന്‍ ഹൈഫയിലെ സിസേറിയയിലെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും പങ്കാളിയും സ്ഥലത്തുണ്ടായിരുന്നില്ല. ഹമാസ് തലവന്‍ യഹ്യ സിന്‍വാറിനെ ഇസ്രഈല്‍ ഗസയില്‍ വെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിക്കുകയും ചെയ്തു.

Content Highlight: Israel distributed leaflets in Gaza containing pictures of Sinwar’s dead body

We use cookies to give you the best possible experience. Learn more