ജെറുസലേം: ഗസയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പള്ളികള്‍ നശിച്ചതായി റിപ്പോര്‍ട്ട്. തുടരെ
നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണത്തിനിടെ ഗസക്ക് നഷ്ടമായത് ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായും പേരുകേട്ട അല്‍ ഒമാരി മസ്ജിദ് ഉള്‍പ്പെടെയുള്ള നിരവധി പള്ളികളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ ഏഴ് മുതലുള്ള കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ സൈന്യം 300ലധികം മുസ്ലിം പള്ളികളും മൂന്ന് പള്ളികളും പൂര്‍ണമായും ഭാഗികമായും തകര്‍ത്തിട്ടുണ്ട്. ഇത് നിലവില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ പ്രാര്‍ത്ഥന സമയങ്ങളില്‍ വലിയ ശൂന്യത ഉണ്ടാക്കിയിട്ടുണ്ട്. ഒരിക്കല്‍ നഗരത്തിലുടനീളം പ്രതിധ്വനിച്ചിരുന്ന പ്രാര്‍ത്ഥനസ്വരങ്ങള്‍ ഇന്ന് നാമമാത്രമായിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘പള്ളികളുള്‍പ്പെടെ ഗസയിലെ കിഴക്കന്‍ പ്രദേശം പൂര്‍ണമായും നശിപ്പിച്ചതിനാല്‍ പ്രാര്‍ത്ഥനയ്ക്കുള്ള നിര്‍ദേശങ്ങള്‍ ഞങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നില്ല,’ എന്ന് ഖാന്‍ യൂനിസിലെ 25 കാരനായ ഖാലിദ് അബു ജെയിം മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
‘ഇവിടെ താമസിക്കുന്നവര്‍ ഇപ്പോള്‍ അവരുടെ ഫോണുകളിലൂടെയാണ് പ്രാര്‍ത്ഥനയ്ക്കുള്ള വിവരങ്ങളെ പിന്തുടരുന്നത്. ഈ യുദ്ധം ഞങ്ങള്‍ മുമ്പ് അനുഭവിച്ചതില്‍ നിന്ന് വ്യത്യസ്തമാണ്. ഞങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായ പള്ളികള്‍ വിവേചനരഹിതമായി യുദ്ധം ലക്ഷ്യമിടുന്നു,’ ജെയിം കൂട്ടിച്ചേര്‍ത്തു.
‘കുട്ടിക്കാലം മുതല്‍ പള്ളികള്‍ ഫലസ്തീനികളുടെ ജീവിതത്തില്‍ ആഴത്തില്‍ ഇഴചേര്‍ന്നിരുന്നു. അവിടുത്തെ വീടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയായി പള്ളി നിലകൊണ്ടിരുന്നു. പള്ളികള്‍ കേവലം ഒരു കെട്ടിടം മാത്രമായിരുന്നില്ല അത് സമൂഹത്തിന്റെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു,’ ജെയിം ചൂണ്ടിക്കാട്ടി.
ഖലീഫ ഒമര്‍ ബിന്‍ അല്‍ ഖത്താബിന്റെ ഭരണകാലത്താണ് ഗ്രാന്‍ഡ് ഒമാരി മസ്ജിദ് സ്ഥാപിതമായത്. ഗസയിലെ ഫലസ്തീന്‍ സ്‌ക്വയറിന് സമീപം 4,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പള്ളിക്ക് 1,190 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മുറ്റമുണ്ട്. ഈ മുറ്റത്തില്‍ 3,000ലധികം വിശ്വാസികളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. ഫലസ്തീന്‍ പൈതൃകം തുടച്ചുനീക്കാനുള്ള ഇസ്രഈലിന്റെ പദ്ധതിയുടെ ഭാഗമായാണ് ഒമാരി മസ്ജിദ് തകര്‍ത്തതെന്ന് ഗസയിലെ ടൂറിസം, പുരാവസ്തു മന്ത്രാലയം പറഞ്ഞു.
‘ഈ യുദ്ധം പള്ളികള്‍ തകര്‍ക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു പുരാതന സ്ഥലമാണിത്. എന്തുകൊണ്ടാണ് ഇത് നശിപ്പിച്ചത്. മസ്ജിദ് അധിനിവേശക്കാരെ ഭീഷണിപ്പെടുത്തുന്നുണ്ടോ,’ ഗസ സ്വദേശി സയീദ് ലബാദ് മാധ്യമങ്ങളോട് ചോദിച്ചു.
‘ഈ യുദ്ധം എല്ലാം ഇല്ലാതാക്കി. യുദ്ധാനന്തരം ഗസ പുനര്‍നിര്‍മിക്കപ്പെടുമെന്നും തന്റെ കുടുംബത്തോടൊപ്പം വീണ്ടും ഗസ സന്ദര്‍ശിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു,’ സയീദ് ലബാദ് കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം പ്രാര്‍ത്ഥനയ്ക്കിടയില്‍ മരിച്ചാല്‍ അത് ജീവിതത്തിന്റെ മനോഹരമായ അന്ത്യമാണെന്ന് ഖാന്‍ യൂനിസില്‍ നിന്നുള്ള 30 കാരനായ ഖാലിദ് ഇസ് ലിം വിശ്വസിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഴയ ഗസ തുറമുഖം, ചര്‍ച്ച് ഓഫ് പോര്‍ഫിറിയസ്, ജബാലിയ മസ്ജിദ്, തുടങ്ങി നിരവധി ചരിത്ര കെട്ടിടങ്ങളും മ്യൂസിയങ്ങളും ഇസ്രഈല്‍ നശിപ്പിച്ച കെട്ടിടങ്ങളില്‍ ഉള്‍പെടുന്നുണ്ടെന്ന് ഫലസ്തീന്‍ മന്ത്രാലയം അറിയിച്ചു.
ഇതിനെതിരെ അന്താരാഷ്ട്ര ഇടപെടലും ഫലസ്തീന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ ജനതയുടെ പൈതൃകത്തിനും ജീവിതത്തിനുമെതിരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രഈലിനെ നിര്‍ബന്ധിക്കണമെന്നും, അത്തരം പ്രവൃത്തികള്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ തടയില്ലെന്നും മന്ത്രാലയം അറിയിച്ചു.
Content Highlight: Israel destroys 300 mosques in Gaza, including Al Omari Mosque