ഇസ്രഈല്‍ ഫലസ്തീന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നു -യു.എന്‍
World News
ഇസ്രഈല്‍ ഫലസ്തീന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നു -യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th November 2023, 9:24 am

ജെറുസലേം: ഇസ്രഈല്‍- ഹമാസ് സംഘര്‍ഷം വെസ്റ്റ്ബാങ്കിലെയും ഗസയിലെയും സമ്പദ് വ്യവസ്ഥ തകര്‍ത്തതായി യു.എന്‍ റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങി ഒരു മാസത്തിനുള്ളില്‍ ജി.ഡി.പി 4.2 ശതമാനം ചുരുങ്ങിയതായും ഈ കാലയളവില്‍ 40000 പേര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും പശ്ചിമേഷ്യക്കായുള്ള ഇക്കണോമിക്ക് ആന്‍ഡ് സോഷ്യല്‍ കമ്മീഷനും വ്യാഴാഴ്ച പുറത്തുവിട്ട രേഖയില്‍ യുദ്ധം ഗസക്ക് വലിയ സമ്പദ് വ്യവസ്ഥയില്‍ ആഘാതം സൃഷ്ടിച്ചതായി പറഞ്ഞു. ഗസക്കുമേലുള്ള ഇസ്രഈലിന്റെ സമ്പൂര്‍ണ ഉപരോധം, മൂലധനത്തിന്റെ നാശം, നിര്‍ബന്ധിത കുടിയിറക്കല്‍, വെസ്റ്റ് ബാങ്കിലെ ജനങ്ങളുടെയും ചരക്കുകളുടെയും നീക്കത്തിനുള്ള നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ടാം മാസവും യുദ്ധം തുടര്‍ന്നാല്‍, യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 20.4 ബില്യണ്‍ ഡോളറായിരുന്ന ഫലസ്തീന്‍ ജി.ഡി.പി 8.4 ശതമാനം അല്ലെങ്കില്‍ 1.7 ബില്യണായി കുറയുമെന്നാണ് യു.എന്നിന്റെ പ്രവചനം. യുദ്ധം മൂന്നാം മാസത്തിലേക്ക് കടക്കുകയാണെങ്കില്‍ നഷ്ടം ജി.ഡി.പിയുടെ 12.2 ശതമാനം അല്ലെങ്കില്‍ 2.5 ബില്യണ്‍ ഡോളറായി ഉയരും. ഇത് 6,60,000 അധികം പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് കണക്കാക്കുന്നത്. യുദ്ധത്തിന് മുമ്പ് കണക്കാക്കിയിരുന്ന ജി.ഡി.പിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് മാസത്തിനുള്ളില്‍ ജി.ഡി.പി 15 ശതമാനം വരെ ഇടിയുമെന്നാണ് പ്രാഥമിക നിഗമനം.

വ്യാപാരം, മൂലധന വരവ്, നിക്ഷേപം, ഉത്പാദന ക്ഷമത എന്നിവയിലെ ഗതാഗത പ്രതിസന്ധി, ഉയര്‍ന്ന ഉത്പാദനച്ചെലവ്, രാജ്യത്തിന്റെ അരക്ഷിതാവസ്ഥ എന്നിവ മൂലമാണ് ജി.ഡി.പി. ഇടിവ് പ്രതീക്ഷിക്കുന്നത്. യുദ്ധം മൊത്തം നിക്ഷേപത്തില്‍ 15.3 ശതാനവും കയറ്റുമതിയില്‍ 13.2 ശതമാനവും ഇറക്കുമതിയില്‍ 4 ശതമാനവും വരെ കുറവ് സംഭവിക്കാം.

‘നടന്നു കൊണ്ടിരിക്കുന്ന യുദ്ധം പ്രാദേശികവും ആഗോളപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. നിലവിലെ യുദ്ധം എണ്ണ,വാതക വിലകളില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ഇനിയും യുദ്ധം തുടര്‍ന്നാന്‍ ഗണ്യമായ വിലക്കയറ്റത്തിലേക്കും പണപ്പെരുപ്പത്തിലേക്കും നയിക്കും’ യു.എന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

CONTENT HIGHLIGHT : Israel destroying Palestinian economy – UN