| Tuesday, 26th December 2023, 8:13 am

യു.എൻ ജീവനക്കാർക്ക് വിസ നിഷേധിച്ച് ഇസ്രഈൽ; നടപടിക്ക് കാരണം ഗസയിലെ ആക്രമണങ്ങളിലെ വിമർശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലെ സാധാരണ ജനങ്ങളെയും ആശുപത്രികളെയും ആക്രമിക്കുന്നതിന് ഇസ്രഈലിനെതിരെ ഐക്യരാഷ്ട്ര സഭ വിമർശനം ഉയർത്തുന്നതിനെ തുടർന്ന് യു.എൻ സ്റ്റാഫിന് വിസ നിഷേധിച്ച് ഇസ്രഈൽ.

യു.എൻ ജീവനക്കാരുടെ വിസ ഇസ്രഈൽ പുതുക്കില്ലെന്നും വിസക്കായി അപേക്ഷിച്ച മറ്റൊരു യു.എൻ ജീവനക്കാരന് അത് അനുവദിക്കില്ലെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഹമാസിന്റെ പ്രോപഗണ്ടയോട് സഹകരിക്കുന്നവരുമായി ഞങ്ങൾ പ്രവർത്തിക്കില്ല,’ ഇസ്രഈൽ വിദേശകാര്യമന്ത്രി എലി കോഹൻ എക്സിൽ അറിയിച്ചു.

ഒക്ടോബർ ഏഴിന് ഗസയിൽ ബോംബാക്രമണം ആരംഭിച്ചത് മുതൽ യു.എന്നിന്റെ പെരുമാറ്റം അപമാനകരമാണെന്നും എലി കോഹൻ പറഞ്ഞു.

ഗസ വിഷയത്തിൽ യു.എന്നുമായി നിലനിൽക്കുന്ന ഇസ്രഈലിന്റെ ഭിന്നതയിലെ ഏറ്റവും പുതിയ സംഭവമാണ് ഇത്.

ഫലസ്തീനിലെ യു.എൻ ഹുമാനിറ്റേറിയൻ കോഡിനേറ്റർ ആയ ലിൻ ഹേസ്റ്റിങ്ങിന്റെ താമസ വിസ റദ്ദാക്കുകയാണ് എന്ന് ഇസ്രഈൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം അവിടെ നിന്ന് പോയത്.

ഡിസംബർ നാലിന് ഗസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് ഹേസ്റ്റിങ് പറഞ്ഞിരുന്നു.

മാനുഷിക പ്രവർത്തനങ്ങൾക്ക് പ്രതികരിക്കാൻ ആകാത്ത വിധം കൂടുതൽ നരകതുല്യമായ സംഭവങ്ങൾ ഉണ്ടായേക്കുമെന്നും ഇസ്രഈലി ബോംബാക്രമണങ്ങളെ ഉദ്ദേശിച്ച് ഹേസ്റ്റിങ് പറഞ്ഞിരുന്നു.

ഒക്ടോബർ ഏഴു മുതലുള്ള ഇസ്രായേലിൽ ആക്രമണങ്ങളിൽ നൂറിലധികം മാധ്യമപ്രവർത്തകരും 270 ആരോഗ്യ പ്രവർത്തകരും 134 യു.എൻ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.

ഇസ്രഈലി ആക്രമണങ്ങളിൽ യു.എൻ റിലീസ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീനിയൻ റെഫ്യൂജീസിന്റെ (യു.എൻ.ആർ.ഡബ്ല്യു.എ) 40ലധികം കെട്ടിടങ്ങളാണ് തകർന്നത്.

തെറ്റായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു എന്ന് ആരോപിച്ച് ലോകാരോഗ്യസംഘടന അധ്യക്ഷൻ ടെഡ്രോസ് അദാനോമിനെതിരെയും ഇസ്രഈൽ രംഗത്ത് വന്നിരുന്നു. എന്നാൽ തങ്ങളുടെ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഒന്നും ഹാജരാക്കാൻ ഇസ്രഈലിന് സാധിച്ചിട്ടില്ല.

ഗസയിലെ ഇസ്രഈലി ആക്രമണം 80 ദിവസം പിന്നിടുമ്പോൾ 20,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 8,000ത്തിലധികം ആളുകളെ കാണാനില്ല.

Content Highlight: Israel denies visas to UN staff critical of regime’s genocide in Gaza

We use cookies to give you the best possible experience. Learn more