യു.എൻ.ജി.എ യുടെ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രഈൽ അംഗീകരിക്കില്ല: ഇസ്രഈൽ വിദേശകാര്യ മന്ത്രി
World News
യു.എൻ.ജി.എ യുടെ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രഈൽ അംഗീകരിക്കില്ല: ഇസ്രഈൽ വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 3:06 pm

തെൽ അവീവ്: യു.എൻ ജനറൽ അസംബ്ലിയുടെ വെടിനിർത്തൽ പ്രഖ്യാപനം ടെൽ അവീവ് നിരസിക്കുന്നതായി ഇസ്രഈൽ വിദേശകാര്യ മന്ത്രി എലി കോഹൻ. വിഷയത്തിൽ യു.എൻ ജനറൽ അസംബ്ലി നടത്തിയ അടിയന്തര സമ്മേളനത്തിലാണ് വെടിനിർത്തൽ പ്രഖ്യാപനം പാസാക്കിയത്.

ഗസയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് ജീവൻ രക്ഷാവസ്തുക്കളും സേവനങ്ങളും തടസമില്ലാതെ എത്തിക്കാനും യു.എൻ.ജി.എ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രഈൽ-ഫലസ്തീൻ സംഘർഷത്തിൽ യു.എൻ അടിയന്തിര പ്രമേയം അംഗീകരിച്ചതിനു പിന്നാലെയാണ് എലി കോഹന്റെ പ്രസ്താവന.

‘യു.എൻ ജനറൽ അസംബ്ലിയുടെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഞങ്ങൾ അംഗീകരിക്കില്ല. ലോകം നാസികളെയും ഐ.എസിനേയും നേരിട്ടത് പോലെ ഹമാസിനെയും ഇല്ലാതാക്കാനാണ് ഇസ്രഈൽ ഉദ്ദേശിക്കുന്നത്.

അക്രമങ്ങൾ തടയാൻ ആഗ്രഹിക്കുന്നവർ ആയുധം താഴെയിടാനും സ്വയം തിരിച്ചറിയാനും തയ്യാറാവണം.

ഹമാസിന്റെ തടവിലുള്ള എല്ലാ ബന്ദികളെയും സ്വതന്ത്രരാക്കിയാൽ യുദ്ധം ഉടനടി അവസാനിക്കും. ഇത് യു.എന്നിനും ഐക്യരാഷ്ട്രസഭക്കും ഇരുണ്ട ദിവസമാണ്,’ തൻ്റെ എക്സ് പോസ്റ്റിലൂടെ എലി കോഹൻ പറഞ്ഞു.

ഗസയിൽ ഇസ്രഈൽ കരയുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അടിയന്തിര പ്രമേയത്തിന് യു.എൻ.ജി.എ വോട്ടെടുപ്പ് നടത്തിയത്.

ജോർദാൻ നേതൃത്വത്തിൽ ഗസയിലെ വെടിനിർത്തൽ പ്രഖ്യാപനത്തതിനായി നൽകിയ യു.എൻ കരട് പ്രമേയം ജനറൽ അസംബ്ലി അംഗീകരിച്ചു. പ്രമേയത്തെ 120 പേരാണ് അനുകൂലിച്ചത്. എന്നാൽ 14 പേർ എതിർക്കുകയും 45 പേർ പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇന്ത്യ, ഐസ്‌ലാൻഡ് ,പനാമ, ലിത്വാനിയ, ഗ്രീസ് എന്നിവ ഉൾപ്പെടുന്ന 45 രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.

Content Highlight: Israel denies ceasefire in Gaza