|

ഓശാന ഞായറില്‍ ജെറുസലേം രൂപതയുടെ ആശുപത്രി തകര്‍ത്ത് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസ സിറ്റിയില്‍ ജെറുസലേം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ബോംബിട്ട് തകര്‍ത്ത് ഇസ്രഈല്‍. അല്‍ അഹ്‌ലി ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. ഓശാന ഞായറായ ഇന്നലെ പുലര്‍ച്ചെയാണ് ആശുപത്രിക്ക് മുകളില്‍ ഇസ്രഈല്‍ ബോംബിട്ടത്.

ഇസ്രഈല്‍ ബോംബാക്രമണത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ആശുപത്രിയിലെ തീവ്രചികിത്സ റൂം, ശസ്ത്രക്രിയ റൂം, ഫാര്‍മസി, ലബോറട്ടറി എന്നിവ പൂര്‍ണമായും തകര്‍ന്നതായാണ് വിവരം.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ആശുപത്രികളെ ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രഈല്‍ ആക്രമണം നടത്തുന്നത്. നിലവില്‍ അല്‍ അഹ്‌ലി ആശുപത്രിയിലെ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബോംബാക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട രോഗികളും ജീവനക്കാരും റോഡരികില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആശുപത്രിയിൽ നിന്ന് രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കേണ്ടി വന്നതായി ഗസ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.

‘അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കരാറുകള്‍ക്കും അനുസൃതമായി ഗസയിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടുന്നു,’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ ഇസ്രഈല്‍ ആക്രമണത്തെ വിമര്‍ശിച്ച് ജെറുസലേം രൂപത രംഗത്തെത്തി. ക്രിസ്ത്യാനികളുടെ വിശുദ്ധവാരത്തിന്റെ തുടക്കത്തില്‍ നടത്തിയ ആക്രമണത്തെ രൂപത അപലപിച്ചു.

ഓശാന ഞായറില്‍ യേശു ജെറുസലേമില്‍ പ്രവേശിച്ചുവെന്നാണ് വിശ്വാസം. ആക്രമണം മത പവിത്രതയുടെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് ആംഗ്ലിക്കന്‍ സഭയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഹയര്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി ഫോര്‍ ചര്‍ച്ച് അഫയേഴ്സ് ഇന്‍ ഫലസ്തീനും പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഗസയിലെ ആശുപത്രികള്‍ക്കുള്ള മാനുഷിക സഹായങ്ങള്‍ ഇസ്രഈല്‍ വീണ്ടും തടസപ്പെടുത്തുന്നതായി ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച മുതല്‍ സൈന്യം വ്യാപകമായി യു.എന്‍ ജീവനക്കാരെയും വാഹനവ്യൂഹങ്ങളെയും തടയുന്നതായി സംഘടന ചൂണ്ടിക്കാട്ടി.

ഗസയിലെ ഉപരോധം അവസാനിപ്പിക്കണമെന്നും ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ആശുപത്രികളിലും ലോകാരോഗ്യ സംഘടനയുടെ വെയര്‍ഹൗസുകളിലും മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും അപകടകരമാം വിധം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഡബ്ല്യു.എച്ച്.ഒ പ്രതികരിച്ചിരുന്നു.

ഗസയിലെ അല്‍ അഹ്‌ലി, ഇന്തോനേഷ്യ ആശുപത്രികളിലേക്കുള്ള പ്രവേശനം തടസപ്പെട്ടതിന് പിന്നാലെയായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

Content Highlight: Israel demolishes Jerusalem Diocese hospital on Palm Sunday

Latest Stories