ന്യൂദല്‍ഹി: ഫലസ്തീനി സായുധസംഘടനയായ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ട് ഇസ്രഈല്‍. കശ്മീരിലെ ഭീകരസംഘടനകള്‍ക്കൊപ്പം ഹമാസ്, കശ്മീര്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രഈല്‍ ആവശ്യം ശക്തമാക്കിയിരിക്കുന്നത്. പാക് അധീന കശ്മീരില്‍വെച്ച് നടന്ന പരിപാടിയില്‍ ലഷ്‌കര്‍ ഇ ത്വൊയ്ബ അടക്കമുള്ള ഭീകരസംഘടനകള്‍ക്കൊപ്പമാണ് ഹമാസ് പങ്കെടുത്തതെന്നാണ് ഇസ്രഈലിന്റെ അവകാശവാദം.
ഇസ്രഈലില്‍ ഒക്ടോബര്‍ ഏഴിന് ഉണ്ടായ ആക്രമണത്തെ ഭീകരവാദമെന്ന് ഇന്ത്യ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഹമാസിനെ ഭീകരവാദപ്പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. യു.എ.പി.എ നിയമപ്രകാരം ഇതിനുള്ള നടപടികള്‍ പുരോഗമിക്കുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഇസ്രഈലിന് നിരുപാധിക പിന്തുണ നല്‍കുകയും ഇസ്രഈല്‍-ഹമാസ് സംഘര്‍ഷത്തില്‍ പലപ്പോഴും ഇസ്രഈലിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ ശക്തമായി അപലപിച്ച യു.എസും യൂറോപ്യന്‍ യൂണിയനിലെ നിരവധി രാജ്യങ്ങളും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടും ഇന്ത്യ ഹമാസിനെ നിരോധിച്ചിരുന്നില്ല.
ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയും ഹമാസിനെ നിരോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്നത്തെ ഇന്ത്യയിലെ ഇസ്രഈല്‍ അംബാസഡര്‍ നൗര്‍ ഗിലോണും പറഞ്ഞിരുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെ ഇന്ത്യ നിരോധിച്ചിരുന്നു. ഹമാസിനെ നിരോധിക്കാനുള്ള നിര്‍ദേശമുണ്ടോ എന്ന ചോദ്യം ഇന്ത്യന്‍ പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടിരുന്നു.
എന്നാല്‍ ഒരു സംഘടനയെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കുന്നത് യു.എ.പി.എയുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് അത് പരിഗണിക്കുമെന്നുമാണ് വിദേശകാര്യ മന്ത്രാലയം അന്ന് മറുപടി നല്‍കിയത്.
ഭീകരവാദം സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യ ഇസ്രഈലിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പതിറ്റാണ്ടുകളായി ഇന്ത്യ ഫലസ്തീനുമായി ശക്തമായി നയതന്ത്ര ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നായിരുന്നു ഇന്ത്യ എപ്പോഴും മുന്നോട്ട് വെച്ചത്. അതിന് പുറമെ ഫലസ്തീന്റ ഐക്യരാഷട്രസഭ അംഗത്വത്തേയും ഇന്ത്യ പിന്തുണച്ചിരുന്നു.
Content Highlight: Israel demands India declare Hamas a terrorist organization