ഇസ്രഈല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അധ്യായം രചിച്ച് കൗമാര താരങ്ങള്‍. അണ്ടര്‍ 20 ലോകകപ്പില്‍ ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് സെമിയില്‍ പ്രവേശിച്ചാണ് ഇസ്രഈല്‍ ചരിത്രം കുറിച്ചത്.
നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലാണ് ഇസ്രഈല്‍ കാനറികളെ തോല്‍പിച്ച് സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.
ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിയില്‍ ഇരുവരും കൊണ്ടും കൊടുത്തും മുന്നേറിയപ്പോള്‍ മത്സരത്തിന്റെ 56ാം മിനിട്ടില്‍ ബ്രസീല്‍ മുന്നിലെത്തി. മാര്‍കസ് ലിയനാര്‍ഡോ ആണ് ബ്രസീലിനായി വലകുലുക്കിയത്.
എന്നാല്‍ ബ്രസീലിന്റെ ആഘോഷങ്ങള്‍ക്ക് അധികമായുസുണ്ടായിരുന്നില്ല. ഗോള്‍ വീണ് നാലാം മിനിട്ടില്‍ തന്നെ ഇസ്രഈല്‍ ഗോള്‍ മടക്കി. 60ാം മിനിട്ടില്‍ അനാന്‍ ഖലാലിലൂടെയാണ് ഇസ്രഈല്‍ ഒപ്പമെത്തിയത്.
തുടര്‍ന്ന് നിശ്ചിത സമയത്തിനും ആഡ് ഓണ്‍ ടൈമിനുമൊടുവില്‍ ഇരുവര്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം എക്‌സ്ട്രാ സമയത്തേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനിട്ടില്‍ തന്നെ ബ്രസീല്‍ ഗോള്‍ നേടി. മാത്യൂസ് നാസിമെന്റോയാണ് ഇത്തവണ ബ്രസീലിനെ മുമ്പിലെത്തിച്ചത്. എന്നാല്‍ വീണ്ടും ആഘോഷങ്ങള്‍ക്ക് അല്‍പായുസ് നല്‍കി 93ാം മിനിട്ടില്‍ ഇസ്രഈല്‍ തിരിച്ചടിച്ചു. ഹംസ ഷിബ്ലിയിലൂടെയാണ് ഇസ്രഈല്‍ ഇത്തവണ സമനില പിടിച്ചത്.
തുടര്‍ന്ന് ഗോള്‍ മടക്കാന്‍ ഇരുടീമും കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതില്‍ വിജയിച്ചത് ബ്ലൂസ് ആന്‍ഡ് വൈറ്റ്‌സായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലെ അവസാന നിമിഷങ്ങളില്‍ ഡോര്‍ ടര്‍ഗ്മെന്റെ ഇടംകാലന്‍ ഷോട്ട് ബ്രസീല്‍ വലകുലുക്കി.
കളിയവസാനിക്കാന്‍ അഞ്ച് മിനിട്ട് ബാക്കി നില്‍ക്കെ ലീഡ് ഉയര്‍ത്താന്‍ ഇസ്രഈലിന് അവസരമുണ്ടായിരുന്നു. എന്നാല്‍ പെനാല്‍ട്ടി പാഴാക്കിയതോടെ ആ അവസരം ഇല്ലാതായി.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബ്രസീല്‍ ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി. ഇതോടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ അര്‍ജന്റീനക്കൊപ്പം ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീലും തങ്ങളുടെ കിരീടമോഹം അടിയറവെക്കുകയായിരുന്നു.
Content Highlight: Israel defeats Brazil in U20 World Cup