ഈജിപ്തില്‍ സംപ്രേഷണം ചെയ്ത ടെലിവിഷന്‍ സീരിയല്‍ വിവാദത്തില്‍. അവസാനം എന്നര്‍ത്ഥം വരുന്ന എല്‍-നഹയ എന്ന സീരിയലാണ് ഇസ്രഈലിനും ഈജിപ്തിനുമിടയില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിരിക്കുന്നത്.
സയന്‍സ് ഫിക്ഷനായ ഈ സീരിയലില്‍ യന്ത്ര മനുഷ്യര്‍ ആധിപത്യം സ്ഥാപിച്ച 2120 ലെ ഒരു സാങ്കല്‍പ്പിക ലോകത്തെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. ഒരു കംപ്യൂട്ടര്‍ എന്‍ജിനീയറാണ് സീരീസിലെ കേന്ദ്ര കഥാപാത്രം.
ആദ്യ എപ്പിസോഡില്‍ ഒരു ടീച്ചര്‍ ഇസ്രഈലിന്റെ തകര്‍ച്ചയെ പറ്റിയുള്ള ചരിത്രം പറയുന്ന ഭാഗമാണ് വിവാദമായത്. ‘ ജെറുസലേമിനെ സ്വതന്ത്രമാക്കാനുള്ള യുദ്ധം’ എന്നു പറഞ്ഞു തുടങ്ങുന്ന ഭാഗത്തില്‍ 1948 ല്‍ ഇസ്രഈല്‍ സ്ഥാപിതമായി 100 വര്‍ഷങ്ങള്‍ പിന്നിടുന്നതിനു മുമ്പേ ജൂതന്‍മാര്‍ അവര്‍ വന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തിരിച്ചു പോയി എന്നാണ് അധ്യാപകന്‍ പറയുന്നത്. എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇസ്രഈലിലെത്തിയ ജൂതന്‍മാരെ ക്കുറിച്ച് ഇദ്ദേഹം പരാമര്‍ശിക്കുന്നില്ല.
സീരിയലിന്റെ ആദ്യ ഭാഗം വലിയ വിവാദമാണ് ഇസ്രഈലില്‍ ഉണ്ടാക്കിയിരിക്കുന്നത്. സീരിയല്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ഇസ്രഈല്‍ വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചത്. ഒപ്പം ഇസ്രഈലും ഈജിപ്തും തമ്മില്‍ ധാരണായായ 41 വര്‍ഷം പഴക്കമുള്ള സമാധാന ഉടമ്പടിയും ഇസ്രഈല്‍ വിദേശ കാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഇതേപറ്റി ഈജിപ്ത് സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഈജിപ്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ സിനര്‍ജിയാണ് ഈ സീരിയല്‍ നിര്‍മിച്ചത്.