മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴുകന്മാരെയും പരുന്തുകളെയും ഉപയോഗിച്ച് ഇസ്രഈല്‍
World News
മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴുകന്മാരെയും പരുന്തുകളെയും ഉപയോഗിച്ച് ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th November 2023, 10:32 am

 

തെല്‍ അവീവ്: ഇസ്രഈല്‍-ഫലസ്തീന്‍ ആക്രമണത്തിനിടയില്‍ കൊല്ലപ്പെട്ട സൈനികരടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഇസ്രഈല്‍ പരുന്ത്-കഴുകന്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇരപിടിയന്‍പക്ഷികളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.

ട്രാക്കിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച കഴുകന്മാരും,പരുന്തുകളും, ഇരപിടിയന്‍ പക്ഷികളും മനുഷ്യന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലില്‍ സഹായിക്കുന്നുവെന്ന് ഇസ്രഈല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക് അതോറിറ്റിയിലെ ഒഹാദ് ഹാട്‌സാഫ് പറഞ്ഞു. കഴുകന്‍, പരുന്ത്, മറ്റ് ഇരപിടിയന്‍ പക്ഷികള്‍ എന്നിവയ്ക്ക് ഗന്ധം അറിയാനും മൃതദേഹങ്ങള്‍ ദൂരെ നിന്ന് കണ്ടെത്താനും സാധിക്കും.

യുദ്ധം ആരംഭിച്ചപ്പോള്‍ സംഘത്തിലുള്ളവര്‍ തന്നെ വന്ന് കണ്ടുവെന്നും തന്റെ പക്ഷികള്‍ക്ക് സഹായിക്കാന്‍ ആകുമോ എന്ന് ചോദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായ സൈനികരെ കണ്ടെത്തുന്നതിന് ഉത്തരവാദിത്തമുള്ള സൈന്യത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സ് ബ്രാഞ്ചിലെ യൂണിറ്റില്‍നിന്നാണ് ഈ ഉപാധി മുന്നോട്ടുവെച്ചത്.

ഒക്ടോബര്‍ 23ന് വടക്കന്‍ റഷ്യയില്‍ നിന്ന് ദേശാടനം കഴിഞ്ഞ് ഇസ്രഈലിലേക്ക് മടങ്ങിയെത്തിയ കടല്‍ കഴുകനെ ഗസാ മുനമ്പിന് പുറത്ത് ബീരിക്ക് സമീപം കണ്ടെത്തിയിരുന്നു. ഈ സന്ദേശം താന്‍ സൈന്യത്തിന് കൈമാറി. ഈ വിവരമനുസരിച്ച് അവര്‍ പരിശോധിച്ചതോടെ നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് ഒഹാദ് പറഞ്ഞു.

 

എന്നാലും മൃതദേഹങ്ങളുടെ സ്ഥാനത്തെ കുറിച്ചോ ഐഡന്റിറ്റിയെ കുറിച്ചോ കൂടുതല്‍ വെളിപ്പെടുത്താന്‍ സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

വംശനാശഭീഷണി നേരിടുന്ന ഗ്രിഫണ്‍ കഴുകന്മാരെ ട്രാക്ക് ചെയ്യുന്ന ഒരു പദ്ധതിക്ക് ഒഹാദ് നേതൃത്വം നല്‍കുന്നുണ്ട്. നൂറുകണക്കിന് പക്ഷികളെ അവരുടെ ദേശാടന രീതികള്‍, ആഹാരശീലങ്ങള്‍, അവ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക ഭീഷണികള്‍ എന്നിവ പഠിക്കുന്നതിനായും ഉപയോഗിക്കുന്നുണ്ട്.

Content Highlight: Israel decided to use birds for tracking dead bodies