ടെല്‍ അവീവ്: ഒമ്പത് മാസം ഗര്‍ഭിണിയായ ഫലസ്തീന്‍ യുവതിയെ വീട്ടുതടങ്കലിലേക്ക് മാറ്റി ഇസ്രഈല്‍. മനുഷ്യവകാശപ്രവര്‍ത്തകരില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് അന്‍ഹാര്‍ അല്‍-ദീക് എന്ന 25കാരിയെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ഇസ്രഈല്‍ കോടതി തീരുമാനിച്ചത്.
12,500 ഡോളറാണ് ജാമ്യത്തുകയായി കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടുതടങ്കലിനെയും ജാമ്യവ്യവസ്ഥയെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ജയിലില്‍ വെച്ച് ജനിക്കുന്ന കുഞ്ഞുങ്ങളെ രണ്ട് വര്‍ഷത്തോളം അമ്മമാരോടൊപ്പം നില്‍ക്കാന്‍ ഇസ്രഈല്‍ കോടതി അനുവദിക്കാറുണ്ട്. എന്നാല്‍ നവജാതശിശുക്കള്‍ക്ക് പറ്റിയ സ്ഥലമല്ല ജയിലെന്നും ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് തന്നെ ഗുരുതര ഭീഷണിയാകാമെന്നുമാണ് ഇസ്രഈല്‍ ജഡ്ജിയായ സിവന്‍ ഒമര്‍ വിധിപ്രസ്താവത്തില്‍ പറഞ്ഞത്.
മാര്‍ച്ച് എട്ടിനാണ് കുഫ്റ് നിമ എന്ന തന്റെ ഗ്രാമത്തില്‍ നിന്നും അന്‍ഹാറിനെ ഇസ്രഈല്‍ സേന അറസ്റ്റ് ചെയ്തത്. സേനാംഗങ്ങളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു അന്‍ഹാറിനെതിരെ ചുമത്തിയ കുറ്റം. അന്‍ഹാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പലതവണ കുടുംബം സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.
ജയിലില്‍ നിന്നും അന്‍ഹാറെഴുതിയ കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരികയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സഹതടവുകാരിയായ മറ്റൊരു ഫലസ്തീന്‍ പൗര ജയിലില്‍ നിന്നുമിറങ്ങിയ സമയത്ത് അന്‍ഹാര്‍ ഇവരുടെ കയ്യില്‍ രഹസ്യമായി കത്ത് നല്‍കുകയായിരുന്നു. ഈ കത്തിനെ തുടര്‍ന്ന് ലോകവ്യാപകമായി അന്‍ഹാറിന്റെ മോചനത്തിന് വേണ്ടി ശബ്ദമുയര്‍ന്നിരുന്നു.
തടവറക്കുള്ളില്‍ വെച്ച് പ്രസവിക്കേണ്ടി വന്നാല്‍ താനും കുഞ്ഞും നേരിടാന്‍ പോകുന്ന ദുരിതങ്ങളെ കുറിച്ചുള്ള ഭയവും ആശങ്കയുമായിരുന്നു അന്‍ഹാര്‍ കത്തിലൂടെ പങ്കുവെച്ചിരുന്നത്.
‘നിങ്ങളില്‍ നിന്നെല്ലാം ദൂരെ, ഈ ജയിലഴികള്‍ക്കുള്ളില്‍, കൈകള്‍ വിലങ്ങുവെച്ച അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ? സിസേറിയന്‍ എത്രമാത്രം ദുഷ്‌കരമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ, ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ നേരിടും?’ അന്‍ഹാര്‍ കത്തില്‍ ചോദിച്ചിരുന്നു.
ജൂലിയ എന്ന ഒന്നര വയസുകാരിയായ മറ്റൊരു മകളും അന്‍ഹാറിനുണ്ട്. അന്‍ഹാറിന്റെ അമ്മയായ അയ്ഷയായിരുന്നു ഈ കുഞ്ഞിനെ നോക്കിയിരുന്നത്. ജൂലിയ തന്റെ അമ്മയെ അന്വേഷിച്ച് രാത്രി കരയാറുണ്ടെന്നും എന്നാല്‍ തന്നെയും കുടുംബത്തിലെ മറ്റുള്ള സ്ത്രീകളെയുമെല്ലാം അവള്‍ അമ്മ എന്നു വിളിക്കുന്നത് കാണുമ്പോഴാണ് തനിക്ക് ഏറെ സങ്കടം തോന്നാറുള്ളതെന്നും അയ്ഷ പറഞ്ഞിരുന്നു.
ആദ്യ പ്രസവത്തിന് ശേഷം വിഷാദരോഗം അനുഭവിച്ചിരുന്ന അന്‍ഹാര്‍ അന്ന് വീട്ടില്‍ നിന്നും അല്‍പം മാറിയുള്ള കൃഷിസ്ഥലത്തേക്ക് നടക്കാനിറങ്ങിയപ്പോഴാണ് ഇസ്രഈല്‍ സേനയെത്തി അറസ്റ്റ് ചെയ്തതെന്നായിരുന്നു അയ്ഷ മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റ് ചെയ്ത സമയത്ത് ഇസ്രഈല്‍ സേന മര്‍ദിച്ചിരുന്നുവെന്നും ഗര്‍ഭിണിയാണെന്ന് വിളിച്ചു പറഞ്ഞിട്ടും അവര്‍ അടിക്കുന്നത് നിര്‍ത്തിയില്ലെന്നും അന്‍ഹാര്‍ പറഞ്ഞിരുന്നുവെന്നും അയ്ഷ പറഞ്ഞു.
അറസ്റ്റ് ചെയ്ത് ഒരു മാസത്തോളം അന്‍ഹാറിനെ ഏകാന്ത തടവിലിട്ടുവെന്നും പിന്നീടാണ് വനിതകളുടെ ജയിലിലേക്ക് മാറ്റിയതെന്നും അയ്ഷ് പറഞ്ഞു. നിലവില്‍ കടുത്ത ശാരീരിക വേദനകളിലൂടെയും മാനസിക സമ്മര്‍ദത്തിലൂടെയുമാണ് മകള്‍ കടന്നുപോകുന്നതെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു.
അറസ്റ്റ് നടന്നതിന് ശേഷം ഒരു തവണ മാത്രമാണ് അന്‍ഹാറിന് ഭര്‍ത്താവിനെ കാണാന്‍ സാധിച്ചിരുന്നത്. തടവില്‍ കഴിഞ്ഞ ആറ് മാസങ്ങളില്‍ മറ്റാരെയും കാണാനോ ഫോണില്‍ സംസാരിക്കാനോ ഇസ്രഈല്‍ സേന അനുവദിച്ചില്ല.
1972ലാണ് ആദ്യമായി ഒരു ഫലസ്തീന്‍ പൗര ഇസ്രഈല്‍ ജയിലിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് എട്ടോളം യുവതികള്‍ക്ക് ഇത്തരത്തില്‍ പ്രസവിക്കേണ്ടി വന്നു. ഫലസ്തീന്‍ മാധ്യമമായ വഫ ഈ അമ്മമാരെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.
പ്രസവസമയത്ത് തങ്ങളുടെ കൈകാലുകള്‍ കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ചിരിക്കുകയായിരുന്നുവെന്നാണ് ഇവരെല്ലാവരും വെളിപ്പെടുത്തിയത്. ഏറെ ദുരിതപൂര്‍ണമായ അനുഭവമായിരുന്നു ഇതെന്നും ഇവര്‍ പറയുന്നുണ്ട്.
സമാനമായ അനുഭവമായിരിക്കും തനിക്കും നേരിടേണ്ടി വരികയെന്നാണ് അന്‍ഹാറും ആശങ്കപ്പെട്ടിരുന്നത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു
അന്‍ഹാറിന്റെ മോചനത്തിന് വേണ്ടി മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Israel Court releases pregnant Palestinian prisoner Anhar al-Deek to house arrest