| Tuesday, 10th December 2024, 8:20 am

സിറിയയെ വിടാതെ ഇസ്രഈല്‍; നൂറോളം കേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: ബാഷര്‍ അല്‍ അസദിന്റെ ഭരണം അവസാനിച്ചതിന് പിന്നാലെ സിറിയയ്ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കി ഇസ്രഈല്‍. രാജ്യത്തെ നൂറോളം കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ശേഷം ‘തീവ്രവാദികളുടെ കൈകളില്‍’ ആയുധങ്ങള്‍ എത്തിച്ചേരുന്നത് തടയാന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടിയെടുത്തതെന്നാണ് ഇസ്രഈല്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ രാസകേന്ദ്രങ്ങള്‍ക്ക് പുറമെ ഡമസ്‌കസിലെ വിമാനത്താവളത്തിലും ഇസ്രഈല്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് സൂചന.

ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ റോക്കറ്റ് വികസനത്തിന് ഉപയോഗിച്ചിരുന്ന ഡമസ്‌കസിലെ ഒരു കേന്ദ്രത്തില്‍ ഉള്‍പ്പെടെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ മാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രഈല്‍ സിറിയയില്‍ നടത്തിയത്.

രാസായുധ ശേഖരം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്ന് യു.എന്‍ കെമിക്കല്‍ വാച്ച് ഡോഗ് സിറിയയിലെ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

അതേസമയം സിറിയയിലെ 250 ഓളം കേന്ദ്രങ്ങളില്‍ ആക്രമം നടത്തിയതായി ഒരു ഇസ്രഈലി ഉദ്യോസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രഈലിലെ ഒരു പ്രാദേശിക റേഡിയോ ചാനലിനോടാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസവും സമാനമായി ഇസ്രഈല്‍ സിറിയയെ ആക്രമിച്ചിരുന്നു. സിറിയയിലെ ആയുധശേഖരങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം.

സുവൈദയിലെ ഖല്‍ഖല എയര്‍ബേസ്, ദാരാ ഗവര്‍ണറേറ്റിലെ സൈറ്റുകള്‍, ഡമസ്‌ക്കസിലെ മെസെഹ് എയര്‍ബേസ് എന്നിവിടങ്ങളിലെ ആയുധ ഡിപ്പോകളിലാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്.

ഇതിനുപുറമെ ഗോലാന്‍ കുന്നുകളുടെ നിയന്ത്രിത പ്രദേശങ്ങളുടെ ഒരു ഭാഗം ഇസ്രഈല്‍ കൈവശപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോലാന്‍ കുന്നുകളിലെ ഒരു ബഫര്‍ സോണ്‍ പിടിച്ചെടുക്കാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവ് നല്‍കിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രഈലിന്റെ അതിര്‍ത്തിയില്‍ ശത്രുക്കള്‍ക്ക് ഇടം നല്‍കില്ലെന്നും നെതന്യാഹു പറഞ്ഞു.

Content Highlight: Israel continues airstrike on Syria; attacked  around 100 centers

We use cookies to give you the best possible experience. Learn more