തെല്‍അവീവ്: ഗസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യുദ്ധം അവസാനിപ്പിച്ച് ഹമാസ് തടവിലാക്കിയ ഇസ്രഈലികളെയും വിദേശികളെയും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെല്‍ അവീവില്‍ പ്രതിഷേധറാലി നടത്തി. ഇസ്രഈല്‍ സര്‍ക്കാര്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളെ അവര്‍ വിമര്‍ശിച്ചതായും അല്‍ ജസിറ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച നടന്ന പ്രതിഷേധറാലിയില്‍ ബന്ദികളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.
അതേസമയം അറബ്-ജൂത വംശജരായ നൂറുകണക്കിന് ഇസ്രഈലി ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപം വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. ‘കുട്ടികളെ രക്ഷിക്കുക, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക’, ‘ഒരു കൂട്ടക്കുരുതി മറ്റൊരു കൂട്ടക്കുരുതി കൊണ്ട് ന്യായികരിക്കപ്പെടില്ല’, ‘യുദ്ധത്തില്‍ ആര്‍ക്കും വിജയമുണ്ടാവില്ല’, ‘ബന്ദികളെ മോചിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ ആവശ്യമാണ് ‘ തുടങ്ങിയ പ്ലേ കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ച് നെതന്യാഹു സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി.
‘മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, മന്ത്രിസഭ അംഗങ്ങളെ, നിങ്ങള്‍ കീഴടക്കുന്നതിന്റെയും പരാജയപ്പെടുത്തുന്നതിന്റെയും രാഷ്ട്രീയം എന്നോട് പറയരുത്.
അതിനെക്കുറിച്ച് ഒന്നും സംസാരിക്കരുത്. പകരം ബന്ദികളെ ഉടനടി മോചിപ്പിക്കാനുള്ള മാര്‍ഗം തേടു. അവരെ അവരുടെ വീട്ടില്‍ എത്തിക്കൂ,’ നിര്‍ ഓസ് പട്ടണത്തില്‍നിന്നും ബന്ദിയാക്കപ്പെട്ട വ്യക്തിയുടെ മകന്‍ നോം പെറി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഭാഗിക ഭരണകൂടമായ പി. എ ( ഫലസ്തീന്‍ അതോറിറ്റി ) യുദ്ധാനന്തരം ഭരണത്തില്‍ വരുമോ എന്ന ചോദ്യത്തിന് അവിടെ മറ്റൊരു ഭരണം വരുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു.
‘ഇസ്രഈലിനെ വെറുക്കാനും ഇസ്രഈലികളെ കൊല്ലാനും ഇസ്രഈല്‍ രാഷ്ട്രത്തെ തുടച്ചു നീക്കാനും അവരുടെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സിവിലിയന്‍ ഭരണകൂടം ഒരിക്കലും അവിടെ നിലനിര്‍ത്തില്ല,’നെതന്യാഹു പറഞ്ഞു.
യുദ്ധാനന്തരം ഗസാ മുനമ്പിന്റെ നിയന്ത്രണം പി. എ( ഫലസ്തീന്‍ അതോറിറ്റി) തിരിച്ചെടുക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞമാസം പറഞ്ഞതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രഈല്‍ സൈനികരും സാധാരണക്കാരും വിദേശികളും ഉള്‍പ്പെടെ 240ലധികം ആളുകളെ തട്ടിക്കൊണ്ടു പോയിരുന്നു. ആക്രമണത്തില്‍ ഏകദേശം 1200 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചിരുന്നു.
നിലവില്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 11,000 പേര്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതില്‍ 4,500 ല്‍ അധികം പേരും കുട്ടികളാണ്.
Content Highlight: Israel civilians against Netanyahu Government