| Wednesday, 2nd February 2022, 8:34 am

ഇസ്രാഈല്‍ ഫലസ്തീനികളോട് പെരുമാറുന്നത് വംശവെറിയോടെ, ആയുധ ഉപരോധം നടപ്പാക്കണം: ആംനെസ്റ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഫലസ്തീനികള്‍ക്കെതിരെ ഈസ്രാഈല്‍ വംശവെറിയോടെ പെരുമാറുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ചൊവ്വാഴ്ച പുറത്തുവിട്ട 300ഓളം പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ആംനെസ്റ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഭരണകൂടത്തിന്റെ തടങ്കല്‍, പീഡനം, നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, അടിസ്ഥാന അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും നിഷേധം, പീഡനം തുടങ്ങിയ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് വിധേയമാക്കുകയാണ്. ഇസ്രാഈല്‍ ഫലസ്തീനികളെ മറ്റൊരു വിഭാഗമായി കണ്ട് വിവേചനത്തോടെ പെരുമാറുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

1948ല്‍ രാജ്യം സ്ഥാപിതമായതുമുതല്‍, യഹൂദ ജനസംഖ്യാപരമായ ആധിപത്യം സ്ഥാപിക്കാനും പരിപാലിക്കുന്നതിനുമുള്ള വ്യക്തമായ നയമാണ് ഇസ്രാഈല്‍ നടപ്പിലാക്കുന്നത്, യഹൂദര്‍ക്ക് ഗുണം ലഭിക്കുന്ന വിധം ഭൂമിയില്‍ അവരുടെ നിയന്ത്രണം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘1967ലെ യുദ്ധത്തോടെ ചരിത്രപരമായി ഫലസ്തീന്റെ ഭാഗമായിരുന്ന ഭൂമിയൊക്കെയും ഇസ്രാഈല്‍ അധിനിവേശം നടത്തിയിരുന്നു. ഫലസ്തീനികള്‍ക്ക് വിട്ടുനല്‍കിയ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇതുതന്നെയാണ് അവസ്ഥ. കിഴക്കന്‍ ജറൂസലേമിലും ഇസ്രാഈലിലും കഴിയുന്ന ഫലസ്തീനികളെ അധഃകൃത വര്‍ഗങ്ങളെയെന്നപോലെ കണ്ട് അവരുടെ അവകാശങ്ങളും നിഷേധിക്കുകയാണ്,’ ആംനെസ്റ്റി സെക്രട്ടറി ജനറല്‍ അഗ്‌നസ് കലമാര്‍ഡ് പറഞ്ഞു.

ഫലസ്തീനില്‍ വംശവെറി ഭരണം ഇനിയും തുടരാതിരിക്കാന്‍ ഇസ്രായേലിനെതിരെ സമഗ്ര ആയുധ ഉപരോധം നടപ്പാക്കണമെന്നും ആസ്തികള്‍ കണ്ടുകെട്ടണമെന്നും ആംനെസ്റ്റി യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ റിപ്പോര്‍ട്ട് വ്യാജവും പക്ഷാതപരമാണെന്നും ഈസ്രഈല്‍ ആരോപിച്ചു. ജൂതന്മാരുടെ മാതൃരാജ്യമെന്ന നിലയില്‍ ഇസ്രഈലിന്റെ നിലനില്‍പ്പിനെ നിയമവിരുദ്ധമാക്കാനുള്ള ഇരട്ടത്താപ്പാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ടെന്ന് ഇസ്രാഈല്‍ വിദേശ മന്ത്രാലയ വക്താവ് ലിയോര്‍ ഹയാത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഹ്യൂമന്റൈറ്റ്‌സ് വാച്ചും സമാനമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഫലസ്തീനിലുടനീളം ഇസ്രാഈല്‍ സൈനികഭരണം നിലനില്‍ക്കുകയാണ്. ഇത് കൂടുതല്‍ കര്‍ക്കശമാക്കിയാണ് ഫലസ്തീനികളുടെ ഭൂമിയും ആസ്തികളും പിടിച്ചെടുക്കല്‍ തുടരുന്നത്.


Content Highlight: israel-carrying-out-apartheid-against-palestinians-amnesty

We use cookies to give you the best possible experience. Learn more