| Tuesday, 7th May 2024, 9:05 am

ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ചതിനു ശേഷവും ഗസയിൽ ആക്രമണം തുടർന്ന് ഇസ്രഈൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതിനു ശേഷവും റഫ അതിർത്തിയിൽ വെടിവയ്പ്പും ബോംബിങ്ങും തുടർന്ന് ഇസ്രഈൽ. തിങ്കളാഴ്ച രാത്രി ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചത്.

എന്നാൽ ഇതിനുശേഷവും ജനങ്ങളോട് റഫ അതിർത്തി വിട്ട് പോകാൻ ഇസ്രഈൽ നിർദേശിക്കുകയായിരുന്നു. വ്യോമമാർഗം ലഖുലേഖകൾ നൽകിയും റേഡിയോ മാർഗവുമാണ് അറിയിപ്പ് ജനങ്ങളിലേക്ക് എത്തിച്ചത്.

സുരക്ഷിതമെന്ന് ഇസ്രഈൽ അവകാശപ്പെടുന്ന അൽ മവാസിയിലേക്ക് മാറാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടതെന്ന് ഐ.ഡി.എഫ് വക്താവ് ലെഫ്റ്റനെന്റ് കേണൽ നേതാവ് ശോശാനി പറഞ്ഞു.

ഇസ്രഈലിന്റെ ഈ ആക്രമണം ഗസയിലെ വെടിനിർത്തൽ കരാറിനെ ബാധിക്കുമെന്ന് ഹമാസ് ഇസ്രഈലിന് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഹമാസ് നടത്തിയ ആക്രമണത്തിൽ നാല് ഇസ്രഈൽ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പകരമാണോ ഇസ്രഈൽ നടത്താനിരിക്കുന്ന ഈ ആക്രമണം എന്നും വ്യക്തമല്ല.

രാജ്യത്തിന്റെ നന്മക്കായി ഹമാസിലെ രാക്ഷസന്മാരെ തങ്ങൾ ഇല്ലാതാക്കും എന്നാണ് ഇസ്രഈൽ പ്രധാനമന്ത്രി നെതന്യാഹു പറയുന്നത്. ഹമാസിനെതിരെയുള്ള പൂർണ വിജയമാണ് തങ്ങൾക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇസ്രഈലിന്റെ ഈ ആക്രമണ പദ്ധതിയെ അനുകൂലിക്കില്ലെന്ന് അമേരിക്ക അറിയിച്ചു. ഇസ്രഈൽ റഫയിൽ ആക്രമണം നടത്തിയാൽ അത് ഫലസ്തീൻ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും അത് വലിയ മനുഷ്യത്വ രഹിതമായ പ്രവർത്തിയായി മാറുമെന്നും അതിനാൽ തങ്ങൾ ഇതിനെ അനുകൂലിക്കില്ലെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് സ്പോക്മാൻ മാത്യു മില്ലർ പറഞ്ഞു.

ഹമാസ് അംഗങ്ങൾ ഗസയിലെ വെടിനിർത്തൽ കരാർ അംഗീകരിച്ചതിനു പിന്നാലെയാണ് ഇസ്രഈൽ വീണ്ടും ആക്രമണം തുടങ്ങിയത്. വെടിനിർത്തൽ കരാറിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ആദ്യ ഭാഗത്തിൽ ഇസ്രഈലിന്റെ പട്ടാളക്കാരെ മുഴുവൻ നെറ്റ്‌സറീം ഇടനാഴിയിൽ നിന്ന് നീക്കം ചെയ്യുകയും പാലായനം ചെയ്ത ഫലസ്തീനികളെ വീടുകളിൽ എത്തിക്കുകയും ചെയ്യും.

രണ്ടാം ഘട്ടത്തിൽ സൈനിക പ്രവർത്തനങ്ങൾ ശാശ്വതമായി നിർത്തുകയും ചെയ്യും. അവസാനമായി ഗസ മുനമ്പിലെ ഉപരോധം പൂർണമായും അവസാനിപ്പിക്കും. ഇതിനു പകരമായി ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന ഇസ്രഈൽ പൗരൻമാരെ വിട്ടയക്കും.

Content Highlight: Israel carpet bombs Rafah after Hamas accepts ceasefire proposal

We use cookies to give you the best possible experience. Learn more