നെതന്യാഹുവിന് ഇറാനെ പേടിയോ?; ഇസ്രഈല്‍ മന്ത്രിസഭ യോഗം ചേര്‍ന്നത് ഭൂഗര്‍ഭ താവളത്തില്‍
World News
നെതന്യാഹുവിന് ഇറാനെ പേടിയോ?; ഇസ്രഈല്‍ മന്ത്രിസഭ യോഗം ചേര്‍ന്നത് ഭൂഗര്‍ഭ താവളത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2024, 2:29 pm

ടെല്‍ അവീവ്: ഇറാന്റെയും ഹിസ്ബുല്ലയുടേയും ആക്രമണങ്ങള്‍ ഭയന്ന് മന്ത്രിസഭ യോഗം രഹസ്യഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് മാറ്റി ഇസ്രഈല്‍. ഇനി മുതല്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചോ ഐ.ഡി.എഫിന്റെ ആസ്ഥാനത്ത് വെച്ചോ മീറ്റിങ്ങുകള്‍ ചേരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രഈലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളും നെതന്യാഹുവിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇസ്രഈല്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ജെറുസലേമിലെ ഇസ്രഈല്‍ സര്‍ക്കാരിന്റെ ഒരു ഭൂഗര്‍ഭ കെട്ടിടത്തിനുള്ളിലാണ് യോഗം ചേര്‍ന്നതെങ്കിലും ഭാവിയില്‍ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് അത് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ക്യാബിനറ്റ് യോഗം ചേരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കവെയാണ് മന്ത്രിമാര്‍ ഈ വിവരം അറിഞ്ഞതെന്നാണ് സൂചന.  സ്ഥലപരിമിതി കാരണം മന്ത്രിമാരുടെ ഉപദേശകരെ യോഗം നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ടോബര്‍ 19നാണ് തെക്കന്‍ ഹൈഫയിലെ സിസേറിയയിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിയുണ്ടാവുന്നത്. ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ വഴിയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണം നടക്കുന്ന സമയത്ത് നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല.

അതേസമയം കഴിഞ്ഞ ദിവസം ഇറാനില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെ വിലയിരുത്തുന്നതില്‍ ഇസ്രഈലിന്റെ കണക്കുകൂട്ടല്‍ തെറ്റിപ്പോയെന്നും അതിനാല്‍ ഇറാന്റെ ശക്തി തങ്ങള്‍ മനസിലാക്കി തരുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിയും അറയിച്ചിരുന്നു. എന്നാല്‍ ഈ പ്രസ്താവന ഹീബ്രു ഭാഷയില്‍ പങ്കുവെച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം (തിങ്കളാഴ്ച്ച) ബന്ദിമോചനം സാധ്യമാകണമെങ്കില്‍ വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അയച്ച രഹസ്യക്കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രഈലിന്റെ യുദ്ധതന്ത്രങ്ങള്‍ പാളുന്നുവെന്നും അതിനാല്‍ യുദ്ധലക്ഷ്യങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും യൊവ് ഗാലന്റ് നെതന്യാഹുവിനോട് നിര്‍ദേശിച്ചിരുന്നു.

Content Highlight: Israel Cabinet meeting moved to underground location in wake of Iran attack