| Monday, 3rd April 2023, 2:00 pm

ഫലസ്തീനികളുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പുതിയ സേനയെ രൂപീകരിച്ച് ഇസ്രാഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രാഈലിലെ ഫലസ്തീനികളുടെ പ്രതിഷേധങ്ങളെ നേരിടാന്‍ പുതിയ സേനയെ (നാഷണല്‍ ഗാര്‍ഡ്) രൂപീകരിക്കാന്‍ ഇസ്രാഈല്‍ ക്യാബിനറ്റ് അംഗീകാരം നല്‍കി.

തീവ്ര വലതുപക്ഷക്കാരനായ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആണ് നാഷണല്‍ ഗാര്‍ഡ് എന്ന ആശയം ക്യാബിനറ്റില്‍ മുന്നോട്ട് വെച്ചത്. നാഷണല്‍ ഗാര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനം കൈക്കൊണ്ടതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

സേനയുടെ ചുമതല പൊലീസിനായിരിക്കുമോ അതോ ബെന്‍ ഗ്വിര്‍ ആവശ്യപ്പെട്ടതു പോലെ മന്ത്രിക്ക് നേരിട്ട് ചുമതല നല്‍കുമോ എന്നുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഒരു കമ്മറ്റിയെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 90 ദിവസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ നല്‍കാനാണ് കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം നാഷണല്‍ ഗാര്‍ഡ് ബെന്‍ ഗ്വിറിന്റെ വകുപ്പിന് കീഴിലായിരിക്കുമെന്ന് വ്യക്തമാക്കി മന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രസ്താവന പുറത്ത് വന്നിരുന്നു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിലും, ഭീകരവാദ വിഷയങ്ങളിലും, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്ന കാര്യങ്ങളിലും നാഷണല്‍ ഗാര്‍ഡിന്റെ സേവനം ലഭ്യമാക്കുമെന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജുഡീഷ്യറി പരിഷ്‌കാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നെതന്യാഹു ഗവണ്‍മെന്റ് താത്കാലികമായി റദ്ദ് ചെയ്തതിനെ ശക്തമായി എതിര്‍ക്കുന്നയാളാണ് ജൂവിഷ് പവര്‍ പാര്‍ട്ടി നേതാവായ ബെന്‍ ഗ്വിര്‍. ജുഡീഷ്യറി പരിഷ്‌കരണ നിയമങ്ങള്‍ റദ്ദ് ചെയ്ത നടപടിക്ക് പകരമായി നാഷണല്‍ ഗാര്‍ഡിനെ രൂപീകരിക്കുക എന്ന ബെന്‍ ഗ്വിറിന്റെ ആവശ്യം നെതന്യാഹു അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. ‘വിഭ്രാന്തരായ മനുഷ്യരുടെ അതിതീവ്ര ബോധത്തിലധിഷ്ഠിതമായ ഫാന്റസി’യാണ് നാഷണല്‍ ഗാര്‍ഡ് എന്ന പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡ് പ്രതികരിച്ചു.

മറ്റ് വകുപ്പുകളില്‍ നിന്നുള്ള ബജറ്റ് തുക വെട്ടിക്കുറച്ച് അത് ബെന്‍ ഗ്വിറിന്റെ സ്വകാര്യ സൈന്യത്തിനായി നല്‍കിയിരിക്കുകയാണെന്നും ലാപിദ് ആരോപിച്ചു.

ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസിനും പട്ടാളത്തിനുമൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ് നാഷണല്‍ ഗാര്‍ഡ്‌സിന്റെ ചുമതല. അറബ്-ജൂത വംശജര്‍ ഒന്നിച്ച് താമസിക്കുന്ന ഗാസ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പതിവാണ്.

നേരത്തേ, ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയതോടെയാണ് വിവാദമായ ജുഡീഷ്യല്‍ പരിഷ്‌കരണ നീക്കങ്ങളില്‍ നിന്ന് നെതന്യാഹു ഗവണ്‍മെന്റ് പിന്‍മാറിയത്.

Content Highlights: israel cabinet approves the formation of new military force against palastine

Latest Stories

We use cookies to give you the best possible experience. Learn more