ടെല്‍ അവീവ്: സിറിയയില്‍ വിമതനീക്കത്തിലൂടെ ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലം പതിച്ചതോടെ ഗോലാന്‍ കുന്നുകളില്‍ അധിനിവേശം ശക്തമാക്കാന്‍ ഇസ്രഈല്‍ നിര്‍ദേശം. പ്രദേശത്തെ ജൂത സെറ്റില്‍മെന്റ്‌സുകള്‍ ഇരട്ടിയാക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശത്തിന് ഇസ്രഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കി.
ഇതുപ്രകാരം സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ മേഖലകളില്‍ കൂടുതല്‍ ജൂത സെറ്റില്‍മെന്റ്‌സുകള്‍ നിര്‍മിക്കും. ഇതിനുവേണ്ടി 1.1 കോടി ഡോളര്‍ നീക്കിവെക്കുമെന്ന് ഇസ്രഈല്‍ അറിയിച്ചിട്ടുണ്ട്.
ഗോലാന്‍ കുന്നുകളില്‍ ഇതിനകം തന്നെ നിരവധി തവണ ഇസ്രഈല്‍ ജൂത സെറ്റില്‍മെന്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഡസന്‍ കണക്കിന് അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിലായി ഏകദേശം 31,000 ഇസ്രഈലി കുടിയേറ്റക്കാര്‍ നിലവില്‍ ഇവിടെയുണ്ട്. സിറിയയുടെ ഭാഗമായ ഡ്രൂസ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.
1967 മുതല്‍ ഇസ്രഈല്‍ ഗോലാന്‍ കുന്നുകളില്‍ അധിനിവേശം നടത്തുന്നുണ്ട്. 1981ല്‍, ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റ്, ഈ പ്രദേശത്ത് ഇസ്രഈല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ നീക്കം നടത്തിയിരുന്നു.
ഒരാഴ്ച മുമ്പ് അസദ് ഭരണം അട്ടിമറിച്ചതിനുശേഷം ഇസ്രഈല്‍ പിടിച്ചെടുത്ത സിറിയയിലെ പ്രദേശം ഈ പദ്ധതിയുടെ ഭാഗമല്ല . 1973ലെ യുദ്ധത്തിനു ശേഷം ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി സൈന്യത്തിന്റെ നിരീക്ഷണത്തിലുള്ള ഈ പ്രദേശത്ത് ഹെര്‍മോണ്‍ പര്‍വതവും ഉള്‍പ്പെടുന്നു.
‘ഗോലാന്‍ ശക്തിപ്പെടുത്തുന്നത് ഇസ്രഈലിനെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണ്, ഈ സമയത്ത് ഇത് വളരെ പ്രധാനപ്പെട്ടതാണ്, ഞങ്ങള്‍ അത് മുറുകെ പിടിക്കുക തന്നെ ചെയ്യും. അവിടെ സ്ഥിരതാമസവുമാക്കും,’ നെതന്യാഹു പറഞ്ഞു.
ഗോലാന്‍ കുന്നുകളില്‍ ഇസ്രഈല്‍ അധിനിവേശം നടത്തുന്നത് അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെങ്കിലും, തന്റെ ആദ്യ ടേമില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈ പ്രദേശത്തിന്മേല്‍ ഇസ്രഈലിന്റെ പരമാധികാരം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇത്തരത്തില്‍ ഇസ്രഈലിനെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി അമേരിക്ക മാറി.
അതേസമയം സിറിയയെ ആക്രമിക്കുന്നത് ആയുധങ്ങള്‍ ഭീകരരുടെ കൈയില്‍പ്പെടാതിരിക്കാന്‍ ആണെന്നാണ് ഇസ്രഈലിന്റെ വാദം. ഹിസ്ബുല്ലയ്ക്ക് ആയുധമെത്തുന്ന വഴിയെന്നു പറഞ്ഞ് സിറിയയെ ആക്രമിച്ച് തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ കീഴടക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: Israel cabinet approves maximize Jew settlements in occupied Golan Heights