| Friday, 1st November 2024, 10:15 pm

ഫലസ്തീൻ തടവുകാരുടെ നെറ്റിയിൽ ഇസ്രഈൽ സൈന്യം നമ്പറുകൾ ചാപ്പ കുത്തുന്നു; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീൻ തടവുകാരുടെ നെറ്റിയിൽ ഇസ്രഈൽ സൈന്യം നമ്പറുകൾ എഴുതിച്ചേർക്കുന്നതായി റിപ്പോർട്ട്. അധിനിവേശ വെസ്റ്റ്ബാങ്ക് പട്ടണമായ ദുറയിൽ വെച്ച് ഇസ്രഈൽ സൈന്യം അറസ്റ്റ് ചെയ്ത ഫലസ്തീനികളുടെ നെറ്റിയിലാണ് അക്കങ്ങൾ എഴുതി ചേർത്തത്.

10 മാസത്തെ അഡ്മിനിസ്ട്രേറ്റീവ് തടങ്കലിനുശേഷം ഓഗസ്റ്റിൽ മോചിതനായ ഒസാമ ഷഹീൻ എന്ന ഫലസ്തീൻ അഭയാർത്ഥിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. സൈനികർ തൻ്റെ വീട്ടിലേക്ക് ഇരച്ചുകയറുകയും തൻ്റെ വീട്ടിലെ ഫർണിച്ചറുകൾ അടിച്ചുതകർക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

‘അവർ എന്നെ ഒരു സൈനിക വാഹനത്തിൽ കയറ്റി. കണ്ണുകൾ മൂടിക്കെട്ടി, കൈകളിൽ വിലങ്ങ് വെച്ചു. ഫലസ്തീനിയൻ അതോറിറ്റിയുടെ പാർലമെൻ്റായ ഫലസ്തീനിയൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ മുൻ അംഗമായ നായിഫ് ർജൂബിൻ്റെ വീട്ടിൽ മറ്റ് തടവുകാർക്കൊപ്പം പാർപ്പിച്ചു. എന്നെ അവർ ക്രൂരമായി ആക്രമിച്ചു.

സൈനികർ ഞങ്ങളുടെ പേരുകൾ അക്കങ്ങളാക്കി മാറ്റി. ഓരോ തടവുകാരനും ഒരു നമ്പർ ഉണ്ടായിരുന്നു. ഞങ്ങളെ അവർ പേരിന് പകരം നമ്പർ ഉപയോഗിച്ച് ആയിരുന്നു വിളിച്ചത്. അവർക്ക് ഞങ്ങൾ വെറും നമ്പറുകൾ മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.

ഏകദേശം 13 മാസം മുമ്പ് ഗസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രഈൽ സൈന്യം 43,000 ഫലസ്തീനികളെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ 100,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും പതിനായിരത്തിലധികം പേരെ കാണാതാവുകയും നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന് മരിച്ചതായും അനുമാനിക്കുന്നു.

ആക്രമണത്തിൽ കുറഞ്ഞത് 17,000 കുട്ടികളും 12,000 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ഗസ ആസ്ഥാനമായുള്ള സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു.

Content Highlight: Israel brands Palestinian detainees in West Bank with numbers on their foreheads

Latest Stories

We use cookies to give you the best possible experience. Learn more