ബെയ്‌റൂട്ട്: ലെബനനില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം. തിങ്കളാഴ്ച രാവിലെ മുതല്‍ ലെബനനിലെ വിവിധ മേഖലകളില്‍ നടന്ന ആക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായും നാന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രഈല്‍ വീണ്ടും ലെബനനില്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും സ്ത്രീകളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രാജ്യത്തുടനീളം മുന്നൂറിലേറെ കേന്ദ്രങ്ങളിലാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്. ഇക്കാര്യം ഇസ്രഈല്‍ സേന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്നാണ് ഇസ്രഈല്‍ സൈന്യം പറയുന്നതെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ലബായയിലും യഹ്മോറിലും വീടുകളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നതെന്ന് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രഈല്‍ സൈന്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഉള്ളവരോട് എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് എണ്‍പതിനായിരത്തിലധികം ഫോണ്‍കോളുകളാണ് ലഭിച്ചതെന്ന് ലെബനനിലെ ടെലികോം അധികൃതരെ ഉദ്ധരിച്ച് കൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തെക്കന്‍ ലബനനിലും ബെയ്‌റൂട്ടിലും ജനങ്ങള്‍ക്ക് സമാനമായ ഫോണ്‍കോളുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇസ്രഈലുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഇസ്രഈല്‍ ആക്രമണങ്ങല്‍ നടത്തിയതെങ്കില്‍ ഇന്ന് രാജ്യത്തുടനീളം ഇസ്രഈല്‍ ബോംബ് വര്‍ഷിച്ചിട്ടുണ്ട്.
ഇസ്രഈലിന്റെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ രണ്ട് ദിവസം അടച്ചിടുമെന്ന് ലെബനന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ പ്രാന്തപ്രദേശങ്ങളിലും ബെക്കാ താഴ്‌വരയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ക്കും സര്‍വകലാശാലകള്‍ക്കും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പേജര്‍, വാക്കിടോക്കി സ്‌ഫോടനത്തിന് പിന്നാലെ ഇസ്രഈലും ലെബനനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. 37 പേരായിരുന്നു ഇസ്രഈലിന്റെ പേജര്‍, വാക്കിടോക്കി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ലെബനന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഏതാനും ഇസ്രഈല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു.
content highlights: Israel bombing again across Lebanon; More than a hundred dead