ജെറുസലേം: 110 ഫലസ്തീന്‍ ബന്ദികളുടെ മോചനം ആരംഭിച്ച് ഇസ്രഈല്‍. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് എട്ട് ബന്ദികളെ മോചിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രഈല്‍ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത്.
നിലവില്‍ 30 കുട്ടികളുള്‍പ്പെടെ 110 ഫലസ്തീന്‍ തടവുകാരെയാണ് ഇസ്രഈല്‍ മോചിപ്പിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തുവരുന്നവരെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് പ്രാഥമിക വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ മോചനം ലഭിച്ചവരെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
മോചനം ലഭിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ സൈനികനും നാടക സംവിധായകനുമായ സക്കറിയ സുബൈദിയ്ക്ക് ഉള്‍പ്പെടെ മോചനം ലഭിക്കുമെന്നാണ് ഫലസ്തീന്‍ അനുമാനിക്കുന്നത്.
ബന്ദികൈമാറ്റത്തില്‍ ഹമാസ് സുരക്ഷാ ഒരുക്കിയില്ലെന്ന് ആരോപിച്ച് ഫലസ്തീനികളെ മോചിപ്പിക്കുന്നതില്‍ ഇസ്രഈല്‍ കാലതാമസം വരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലതാമസം വെടിഞ്ഞ് ഇസ്രഈല്‍ ഫലസ്തീന്‍ ബന്ദികളെ മോചിപ്പിക്കുകയാണ്.
ഒരു പുരുഷനും രണ്ട് സ്ത്രീകളും അടങ്ങുന്ന മൂന്ന് ഇസ്രഈലി ബന്ദികളെയും അഞ്ച് തായ്‌ലൻഡുകാരെയുമാണ് ഹമാസ് മോചിപ്പിച്ചത്. ഇതിനുപിന്നാലെ തടവുകാരുടെ മോചനം ആഘോഷിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഫലസ്തീനില്‍ ഇസ്രഈല്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു.
ബന്ദികൈമാറ്റത്തില്‍ അമിതാഹ്ലാദം വേണ്ടെന്ന് ഇസ്രഈല്‍ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ വെസ്റ്റ് ബാങ്കിലെ ജയിലിന് സമീപമുള്ള ബെയ്റ്റൂണിയയില്‍ ഇസ്രഈല്‍ സൈനികരുടെ ആക്രമണത്തില്‍ 12 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു.
രണ്ട് ഫലസ്തീനികള്‍ക്ക് വെടിയുണ്ടകളാലും രണ്ട് പേര്‍ക്ക് റബ്ബര്‍ ബുള്ളറ്റുകളാലും എട്ട് പേര്‍ക്ക് കണ്ണീര്‍ വാതകത്താലും പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഫലസ്തീനികളുടെ മോചനത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയവര്‍ക്ക് നേരെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്.
നിലവിലെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണത്തില്‍ 47,417 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 111,571 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Israel begins releasing Palestinian prisoners after delay