വാഷിങ്ടണ്‍: ഇസ്രയേലില്‍ പ്രവേശിക്കുന്നതില്‍നിന്ന് യു.എസ് കോണ്‍ഗ്രസിലെ വനിതാ ഡെമോക്രാറ്റിക് അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാവുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് വംശീയ അധിക്ഷേപം നടത്തിയ റാഷിദ തലൈബിനെയും ഇല്‍ഹാന്‍ ഉമറിനെയുമാണ് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
റാഷിദാ ത്വെയ്ബിനും ഇല്‍ഹാന്‍ ഉമറിനും ഇസ്രയേലിനോട് വെറുപ്പാണെന്നും ജൂതന്‍മാരെ അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധികളായ ഇവരെ ഇസ്രയേലില്‍ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ അത് ‘വലിയ ദൗര്‍ബല്യം’ ആയിരിക്കുമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.
നടപടിയെ ശക്തമായി അപലപിച്ച റാഷിദ തലൈബ്, വംശീയതയ്ക്കും അടിച്ചമര്‍ത്തലിനും അനീതിക്കുമെതിരെയുള്ള പോരാട്ടത്തിനിടെ താന്‍ തന്റെ മുത്തശ്ശിയെ സന്ദര്‍ശിക്കാനാണ് ഇസ്രയേലിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞു. വിലക്കേര്‍പ്പെടുത്തിയ രാജ്യത്തേക്ക് ഇനി പോകാന്‍ തീരുമാനമില്ലെന്നും അവര്‍ പറഞ്ഞു. തന്റെ ബന്ധുക്കളെ കാണാന്‍ അവസരമൊരുക്കണമെന്ന്് റാഷിദ ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.
റാഷിദ തലൈബിന്റെയും ഇല്‍ഹാന്‍ ഉമറിന്റെയും ലക്ഷ്യം ഇസ്രയേലിനെ ദ്രോഹിക്കലാണെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദം. എന്നാല്‍, തങ്ങളുടെ നിലപാടുകള്‍ ജൂതന്‍മാര്‍ക്കെതിരല്ലെന്നും പലസ്തീനികളെ അക്രമിക്കുന്ന ഇസ്രയേല്‍ എന്ന രാഷ്ട്രത്തിനെതിരാണെന്നും റാഷിദാ ത്വെയ്ബും ഇല്‍ഹാന്‍ ഉമറും ആവര്‍ത്തിച്ചിരുന്നു.
യു.എസ് കോണ്‍ഗ്രസില്‍ ട്രംപ് വിമര്‍ശകരാണ് ഇരുവരും. ഇക്കാരണത്താല്‍ത്തന്നെ, ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇസ്രയേല്‍ നടപടിയെന്നും
സൂചനയുണ്ട്. ഇവര്‍ക്കെതിരെയും അയാന പ്രസ്ലി, അലക്‌സ്ന്‍ട്രിയ ഒകാസിയോ എന്നിവര്‍ക്കെതിരെയും നേരത്തെ ട്രംപ് വംശീയ അധിക്ഷേപം നടത്തിയത് വിവാദത്തിന് വഴിവച്ചിരുന്നു.
‘ രാജ്യത്തിന്റെ പാരമ്പര്യവുമായി ഈ സ്ത്രീകള്‍ക്ക് ബന്ധമില്ല. തികച്ചും മറ്റൊരു സാഹചര്യത്തില്‍ നിന്ന് വന്നവരാണ് ഇവര്‍. എന്റെ അഭിപ്രായത്തില്‍ ഇവര്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണ്. ഇവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ എത്തിയവരാണ്. നിങ്ങള്‍ ഈ നാടിനെ വെറുക്കുന്നവരാണെങ്കില്‍ , ആ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാം.’ എന്നായിരുന്നു ട്രംപിന്റെ അധിക്ഷേപ പരാമര്‍ശം.
ഇസ്രയേലിന്റെ തീരുമാനത്തിനെതിരെ അമേരിക്കന്‍ ജൂതസംഘടനകള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ട്രംപ് അനുകൂല നിലപാട് കൈക്കൊള്ളാറുള്ളവരടക്കം ഇവരുടെ വിലക്കിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. നടപടിക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ബേണി സാന്റേഴ്‌സും വിമര്‍ശനവുമായി രംഗത്തെത്തി. ‘ഇല്‍ഹാനെയും റാഷിദയെയും ട്രംപ് എന്ന ഭ്രാന്തന്‍ ഇങ്ങനെ ആക്രമിക്കുന്നത് നിരാശാജനകമാണ്. നെതന്യാഹുവിന്റെ നയങ്ങളെ എതിര്‍ക്കുകയെന്നാല്‍ ജൂതരെ വെറുക്കുക എന്നല്ല’,സാന്റേഴ്സ് ട്വീറ്റ് ചെയ്തു.
റാഷിദയും ഇല്‍ഹാന്‍ ഉമറും അടുത്തയാഴ്ച വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും സന്ദര്‍ശിക്കാനിരിക്കെയാണ് നടപടി. ഇസ്രയേലിന്റെ നടപടിയോടുകൂടി ഡെമോക്രാറ്റിക്കുകളും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തമ്മില്‍ ബന്ധം വഷളാവുന്നിടത്തേക്കാണ് സംഭവങ്ങള്‍ നീങ്ങുന്നത്.