ജെറുസലേം: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) നിരോധിച്ച് ഇസ്രഈല്‍. ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റാമാണ് സംഘടനയെ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയത്.
യു.എസ് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ പുതിയ നിയമത്തിനെതിരെ നിന്നിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെല്ലാം അവഗണിച്ച് 120 പാര്‍ലമെന്റ് അംഗങ്ങളില്‍ 92 പേരുടെയും പിന്തുണയോടെയാണ് നിയമം പാസാക്കിയതെന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏജന്‍സിയും അതിന്റെ ജീവനക്കാരും ഇസ്രഈലിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അത് തെളിയിക്കപ്പെട്ടതിനാലാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും ഇസ്രഈല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്.
യു.എന്‍.ആര്‍.ഡബ്ല്യൂ.എന്ന ഏജന്‍സിയ്ക്ക് ഇസ്രഈലില്‍ നേരിട്ടോ അല്ലാതെയുള്ള പ്രാതിനിധ്യമോ സേവനങ്ങളോ നല്‍കില്ലെന്നും യാതൊരു പ്രവര്‍ത്തനവും ഉണ്ടാവില്ലെന്നും നിയമത്തില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരോധന നടപടിക്കെതിരെ ഏജന്‍സിയുടെ കമ്മീഷണര്‍ ജനറലും പ്രതികരിച്ചിരുന്നു. യു.എന്‍.ആര്‍.ഡബ്ല്യൂ.എയ്‌ക്കെതിരെ ഇസ്രഈല്‍ പാര്‍ലമെന്റ് നടത്തിയ നീക്കം അപകടകരമായ മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇസ്രഈല്‍ പാര്‍ലമെന്റിന്റെ നീക്കം യു.എന്നിന്റെ ചാര്‍ട്ടറിനെ എതിര്‍ക്കുകയും അന്താരാഷ്ട്ര നിയമത്തിനു കീഴിലുള്ള കടമകളെ ഇസ്രഈല്‍ ലംഘിക്കുകയും ചെയ്യുന്നു. നിലവില്‍ പാസാക്കിയ ബില്ലിലൂടെ ഒരു വര്‍ഷത്തിലേറെയായി ദുരിതമനുഭവിക്കുന്ന ഗസയിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ വര്‍ധിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Israel bans United Nations agency for Palestine refugees