ടെല്‍ അവീവ്: ഇറാന്റെ മിസൈലാക്രമണത്തെ തുടര്‍ന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ വിലക്കി ഇസ്രഈല്‍. ആക്രമണത്തില്‍ അപലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രഈല്‍ ഗസയ്ക്ക് പിന്നാലെ ലെബനനിലും ആക്രമണം നടത്തിയതില്‍ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നും യുദ്ധം ഒഴിവാക്കണമെന്നുമായിരുന്നു അറിയിപ്പ്. ഇതിനുപിന്നാലെയാണ് ഇസ്രഈല്‍ ഗുട്ടറസിന് വിലക്ക് പ്രഖ്യാപിച്ചത്.
ഗുട്ടറസിനെതിരെ ഇസ്രഈല്‍ ‘പേഴ്സണ നോണ്‍ ഗ്രാറ്റ’ പ്രഖ്യാപിക്കുകയും രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സാണ് ഇക്കാര്യം അറിയിച്ചത്.
ഭീകര സംഘടനകള്‍ക്കെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ ശബ്ദമുയര്‍ത്തിയില്ലെന്നും കാറ്റ്‌സ് ആരോപിച്ചു. ഇത് യു.എന്‍ ചരിത്രത്തിലെ ഒരു കളങ്കമായി ഓര്‍മിക്കപ്പെടുമെന്നും കാറ്റ്‌സ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഒക്ടോബര്‍ ഏഴിന് ഫലസ്തീനിലെ സായുധ സംഘടനായ ഹമാസ് തെക്കന്‍ ഇസ്രഈലില്‍ പ്രത്യാക്രമണം നടത്തിയിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇക്കാര്യം ഉദ്ധരിച്ചായിരുന്നു കാറ്റ്‌സിന്റെ പരാമര്‍ശം.
തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍ ഇസ്രഈല്‍ പോരാടുമെന്നും രാജ്യത്തിന്റെ അന്തസ് നിലനിര്‍ത്താന്‍ നിലകൊള്ളുമെന്നും കാറ്റ്‌സ് പറഞ്ഞു.
നിലവിലെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ ഇസ്രഈല്‍ ആരംഭിച്ച യുദ്ധത്തില്‍ 41,689 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇസ്രഈലിന്റെ ആക്രമണത്തില്‍ 96,625 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രഈല്‍ സൈന്യം 51 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. ഐ.ഡി.എഫിന്റെ സൈനിക നടപടിക്കെതിരെ 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.