ഗസ: വടക്കന്‍ ഗസയിലെ ആരോഗ്യസംവിധാനത്തെ താറുമാറാക്കി വീണ്ടും ഇസ്രഈല്‍ ആക്രമണം. വെള്ളിയാഴ്ച്ച വടക്കന്‍ ഗസയിലെ പ്രവര്‍ത്തനനിരതമായ ഏക ആശുപത്രിയായ കമല്‍ അദ്‌വാന് നേരെ ആക്രമണമുണ്ടായതോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഫീല്‍ഡ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ മര്‍വാന്‍ അല്‍ ഹോംമ്‌സ് പറയുന്നതനുസരിച്ച് കമാല്‍ അദ്‌വാന്‍ ഹോസ്പിറ്റലില്‍ ഗുരുതരമായി പരിക്കേറ്റ 200 ഓളം രോഗികള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അവരില്‍ ഭൂരിഭാഗം പേരും ഇസ്രഈല്‍ സൈന്യത്താല്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്ക് പുറമെ സ്റ്റാഫുകള്‍ ഉള്‍പ്പെടെ 400ലധികം പേര്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച്ച ആശുപത്രി ഉപരോധിച്ച സൈന്യം റെയ്ഡ് നടത്തുകയും രോഗികളോടടക്കം ഹോസ്പിറ്റല്‍ അങ്കണത്തിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ ഓക്‌സിജന്‍ സേവനം തടസപ്പെട്ടതോടെ തീവ്രപരിചരണ വിഭാഗത്തിലെ രണ്ട് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇസ്രഈല്‍ ഉപരോധം ആരംഭിച്ചതോടെ ഗസയുടെ വടക്കന്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ചില ആശുപത്രികളില്‍ ഒന്നായിരുന്നു ഇത്. റെയ്ഡ് നടത്തുന്നതിന് മുന്നോടിയായി ആശുപത്രിയുടെ കോമ്പൗണ്ടിന് നേരെ ഇസ്രഈല്‍ ടാങ്കുകള്‍ ഷെല്ലാക്രമണവും നടത്തിയിരുന്നു.
ഷെല്‍ ആക്രമണത്തില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായി ആശുപത്രി ഡയറക്ടര്‍ ഹുസാം അബു സഫിയ പറഞ്ഞു. ഇത്തരത്തില്‍ ഇസ്രഈല്‍ സേന ആക്രമണം തുടരുകയാണെങ്കില്‍ ആശുപത്രി ഒരു ശവപറമ്പ് ആയി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രഈല്‍ അധിനിവേശത്തിനെതിരെ ലോക ആരോഗ്യ സംഘടനയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഡബ്ല്യു.എച്ച്.ഒയ്ക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും എങ്ങും അസ്വസ്ഥതയാണെന്നും സംഘടന മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേയൂസ് പ്രതികരിച്ചു.
ദൃക്‌സാക്ഷികളുടെ മൊഴികള്‍ പ്രകാരം ആശുപത്രി കെട്ടിടത്തിന് തീ പിടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ രോഗികളെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് സൈന്യം വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Israel attacks the last hospital in Gaza; Two children died due to lack of oxygen