ഗാസ: ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് ഐക്യരാഷ്ട്ര സഭ. കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് ഫലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്.
വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ബങ്കറുകളോ മറ്റ് സംവിധാനങ്ങളോ ഗാസയിലെ വീടുകളിലില്ല. അതുകൊണ്ടു തന്നെ വീടുകള്‍ക്കുള്ളിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
ഇതിനിടയില്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടു. ക്യാമ്പ് മുഴുവനായി തകര്‍ന്നതിനാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച രാവിലെ വരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 137 ഫലസ്തീനികളാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ 36 പേര്‍ കുട്ടികളാണ്. 920 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകളില്‍ പറയുന്നു.
ഇസ്രാഈലിന് നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പൗരന്മാരും ഫലസ്തീനികളും തമ്മില്‍ ആഭ്യന്തര കലാപം രൂക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ട്. ഇവിടെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകരാഷ്ട്രങ്ങളും ഇസ്രാഈലിലെ തന്നെ വിവിധ ഗ്രൂപ്പുകളും ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്നാണ് നെതന്യാഹു സര്‍ക്കാരിന്റെ നിലപാട്. ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രാഈല്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നേരിട്ടുള്ള ആക്രമണത്തിലേക്ക് ഇസ്രാഈല്‍ കടന്നിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്‌ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക