ഇസ്രഈല്‍ ആക്രമണത്തില്‍ വടക്കന്‍ ഗസയിലെ അവസാന ഐ.സി.യുവും തകര്‍ന്നു
World News
ഇസ്രഈല്‍ ആക്രമണത്തില്‍ വടക്കന്‍ ഗസയിലെ അവസാന ഐ.സി.യുവും തകര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2024, 8:34 am

ഗസ: വടക്കന്‍ ഗസയില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാന ഐ.സി.യുവും ആക്രമണത്തിലൂടെ തകര്‍ത്ത് ഇസ്രഈല്‍ സൈന്യം. വടക്കന്‍ ഗസയിലെ കമല്‍ അദ്‌വാന്‍ ഹോസ്പിറ്റലിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിലാണ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിന് തീപ്പിടിച്ചത്.

തീവ്രപരിചരണ വിഭാഗത്തിന് നേരെ ഇസ്രഈല്‍ സൈന്യം ബോധപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നു എന്ന് ആശുപത്രി ഡയറക്ടര്‍ ഹുസാം അബു സഫിയ പറഞ്ഞു.

‘അവര്‍ എല്ലാവിധത്തിലുമുള്ള ആയുധങ്ങളും ഉപയോഗിച്ച് ആശുപത്രിക്ക് നേരെ ഭ്രാന്തമായ രീതിയില്‍ വെടിയുതിര്‍ത്തു. തീവ്രപരിചരണ വിഭാഗത്തെ ബോധപൂര്‍വ്വം ലക്ഷ്യമാക്കിയാണ് വെടിയുതിര്‍ത്തത്. ആശുപത്രിയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാന്‍ ഞങ്ങള്‍ 75 ദിവസത്തിലേറെയായി ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നു. പക്ഷേ ഒരു പ്രതികരണവുമുണ്ടായില്ല,’ അബു സഫിയ എക്സ് പോസ്റ്റില്‍ കുറിച്ചു.

തീപിടിത്തത്തിനിടയില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളെ അത്ഭുതകരമായി ഒഴിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രഈല്‍ എത്രത്തോളം ആക്രമണം നടത്തിയാലും ഗസയിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തില്ലെന്ന പറയുന്ന ഡയറക്ടറുടെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ഒക്ടോബര്‍ ഏഴിന് ഗസയില്‍ ഇസ്രഈല്‍ സൈന്യം അധിനിവേശം ആരംഭിച്ചതുമുതല്‍ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക്‌  നേരെ ഇസ്രഈല്‍ സൈന്യം കടുത്ത ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ മാസം സമാനമായി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഐ.സി.യു ഡയറക്ടര്‍ അഹ്‌മദ് അല്‍ കഹ്ലൂത്ത് കൊല്ലപ്പെട്ടിരുന്നു. നിലവില്‍ കമല്‍ അദ്‌വാന്‍ ആശുപത്രി ഇസ്രഈല്‍ സൈന്യത്തിന്റെ കൈയില്‍ ആണെങ്കിലും ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സൈന്യത്തിന്റെ ആക്രമണത്തില്‍ ആശുപത്രിയിലെ വെള്ളവും ഓക്‌സിജന്‍ ടാങ്കുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ നശിപ്പിക്കപ്പെട്ടു.

വൈദ്യുതിയോ ഓക്‌സിജനോ വെള്ളമോ ഇല്ലാതെ ജീവനക്കാരും രോഗികളും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് സഫിയ നേരത്തെ പറഞ്ഞിരുന്നു.

അടുത്ത ദിവസങ്ങളില്‍ ആശുപത്രിയിലെ ജീവനക്കാരും രോഗികളും സഹിച്ച ഭയം വിവരിക്കാന്‍ കഴിയാത്തതാണെന്ന് ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ റീജിയണല്‍ ഡയറക്ടര്‍ ഹനാന്‍ ബാല്‍ക്കി പ്രതികരിച്ചു.

ഇസ്രഈല്‍ ഉപരോധത്തെ തുടര്‍ന്ന്‌ വടക്കന്‍ ഗസയിലെ ആശുപത്രിയില്‍ അടിയന്തരമായി ഒരു അന്താരാഷ്ട്ര മെഡിക്കല്‍ സംഘത്തെ വിന്യസിക്കാന്‍ അനുവാദം ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

Content Highlight: Israel attacks on last intensive care unit in northern Gaza’s hospital