| Saturday, 26th October 2024, 7:34 am

ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച് ഇറാന്‍. ആക്രമണത്തില്‍ ടെഹ്റാനിലും അയല്‍ നഗരമായ കരാജിലും ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ശനിയാഴ്ച പുലര്‍ച്ചെ വ്യോമാക്രമണം നടത്തിയതായി ഇസ്രഈല്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രാദേശിക സമയം 2: 15ഓടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇറാന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇറാന്‍ ഭരണകൂടം ഇസ്രഈലിനെതിരെ മാസങ്ങളോളം തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണം നടത്തിയതെന്ന് ഐ.ഡി.എഫ് വക്താവ് ഡാനിയല്‍ ഹഗാരി ടെലിവിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേയമയം ഇസ്രഈലിന്റെ ആക്രമണം ഇറാനിലെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ താവളങ്ങളെ ഒന്നുംതന്നെ ആക്രണം ബാധിച്ചിട്ടില്ലെന്ന് ഐ.ആര്‍.ജി.സി അറിയിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്‌റാന്റെ വടക്ക് ഭാഗത്തുള്ള സആദത്ത് ആബാദിസല്‍ ആക്രമണത്തില്‍ പുക ഉയരുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ഒക്ടോബര്‍ ഏഴ് മുതല്‍ ഇറാനില്‍ നിന്നും അവരുടെ പ്രോക്‌സി ഗ്രൂപ്പുകളില്‍ നിന്നുമുണ്ടായ ആക്രമണത്തിന് മറുപടിയാണിതെന്ന്‌ ഐ.ഡി.എഫ് ജനറല്‍ ചീഫ് സ്റ്റാഫ് ഹെര്‍സി ഹലൈവി പ്രതികരിച്ചു. തങ്ങള്‍ക്ക് പ്രതികരിക്കാന്‍ അവകാശമുണ്ടെന്നും ഹലെവി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുമെന്ന് ഇസ്രഈല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഇസ്രഈല്‍ ഇറാന് നേരെ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണം നടത്തുമെന്ന് ഇസ്രഈല്‍ സൈന്യം നിരവധി തവണ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെ ആക്രമിക്കുന്ന കാര്യം ഇസ്രഈല്‍ അമേരിക്കയെ അറിയിച്ചിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയായിട്ടില്ല.

ഒക്ടോബര്‍ ഒന്നിന് ഇസ്രഈലിന് നേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിന് മറുപടിയായാണ് നിലവിലെ ആക്രമണം നടത്തിയതെന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സല്‍ വക്താവ് സീന്‍ സാവെറ്റ് പറഞ്ഞു. എന്നാല്‍ ഇസ്രഈലിന്റെ ആക്രമണം അതിര് വിടരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒക്ടോബര്‍ ഒന്നിന് ഇറാന്‍ 400ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ഇസ്രഈലിനെ ആക്രമിച്ചിരുന്നു. എന്നാല്‍ അന്നത്തെ ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നില്ല.

Content Highlight: Israel attacks military centers of Iran

We use cookies to give you the best possible experience. Learn more