ഗാസ: വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം വീണ്ടും ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രാഈല്‍. മെയ് മാസത്തില്‍ 11 ദിവസം നീണ്ടുനിന്ന ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.
ഫലസ്തീനിലെ ചില ഗ്രൂപ്പുകള്‍ തീപിടുത്തമുണ്ടാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ബലൂണുകള്‍ തെക്കന്‍ ഇസ്രാഈലിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് ഇസ്രാഈല്‍ സേന ആക്രമണം നടത്തിയത്.
ഗാസയുടെ ഭാഗത്തുനിന്നും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും വേണ്ടിവന്നാല്‍ നേരത്തെയുണ്ടായിരുന്ന തരത്തില്‍ ആക്രമണം നടത്തുമെന്നും ഇസ്രാഈല്‍ സേന അറിയിച്ചു.
ഇസ്രാഈല്‍ ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് ഹമാസും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ അവകാശങ്ങളും പുണ്യസ്ഥലങ്ങളും സംരക്ഷിക്കാനായുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഫലസ്തീന്‍ തുടരുമെന്നാണ് ഹമാസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.
ഇസ്രാഈലില്‍ നെതന്യാഹു സര്‍ക്കാരിനെ പുറത്താക്കിയെത്തിയ, തീവ്ര വലതുപക്ഷക്കാരനായ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായതിന് ശേഷം ഫലസ്തീനെതിരെ നടക്കുന്ന ആദ്യ ആക്രമണം കൂടിയാണ് കഴിഞ്ഞ ദിവസം നടന്നത്.
തിങ്കളാഴ്ച കിഴക്കന്‍ ജറുസലേമില്‍ തീവ്രജൂതമതവിഭാഗക്കാരുടെ നേതൃത്വത്തില്‍ പ്രകോപനപരമായ റാലി നടന്നിരുന്നു. ഫലസ്തീന്റെ ഭാഗങ്ങളില്‍ കയ്യേറി താമസിക്കാന്‍ ശ്രമിക്കുന്ന ജൂതവിഭാഗക്കാര്‍ കൂടി പങ്കെടുത്തിരുന്ന ഈ റാലിയ്ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയത് രംഗം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
തീവ്രമതവാദികളും മതേതരവാദികളും വലതുപക്ഷവും ഇടതുപക്ഷവുമെല്ലാം ചേര്‍ന്ന, സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുകയും അതിശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന സഖ്യമാണ് നെതന്യാഹുവിനെ പുറത്താക്കി ഇസ്രാഈലില്‍ അധികാരത്തിലെത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവായിരുന്ന യെര്‍ ലാപ്പിഡിന്റെ നേതൃത്വത്തില്‍ വന്ന ഈ കൂട്ടുകക്ഷി സര്‍ക്കാരില്‍ ആദ്യ രണ്ട് വര്‍ഷമായിരിക്കും ബെന്നറ്റ് പ്രധാനമന്ത്രിയാകുക. 2023ല്‍ യെര്‍ ലാപ്പിഡ് ഇസ്രാഈലിന്റെ നേതൃത്വത്തിലേക്ക് വരും.
ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിക്കാത്ത നഫ്താലി ബെന്നറ്റ് അധികാരത്തിലെത്തിയാലും സര്‍ക്കാരിലെ മറ്റു കക്ഷികളുടെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടാകുമെന്നതിനാല്‍ ഫലസ്തീനെതിരെ ശക്തമായ ആക്രമണം നടത്താന്‍ ബെന്നറ്റിനാകില്ലെന്നായിരുന്നു നിരീക്ഷണങ്ങള്‍. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണം ഈ അഭിപ്രായങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.