ഗസ: ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയ്ക്ക് നേരെ വീണ്ടും ഇസ്രഈൽ ആക്രമണം. നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. മുപ്പതിനായിരത്തോളം പേർ സമുച്ചയത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ സാധാരണകാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്.
ഹമാസിന്റെ അടിസ്ഥാന സൈനിക സൗകര്യങ്ങൾ തകർത്തെന്ന് അവകാശപ്പെട്ട് ഏതാനും ആഴ്ചകൾക്ക് മുമ്പ് വടക്കൻ ഗസയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച ഇസ്രഈൽ, അൽശിഫക്കുള്ളിൽ ഹമാസ് വീണ്ടും സംഘടിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തിയത്.
ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്ഡിൽ തുടരെയുള്ള വെടിയുതർക്കൽ കാരണം രക്തസാക്ഷികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ബോബാക്രമണത്തെ തുടർന്ന് ആശുപത്രിയുടെ ശസ്ത്രക്രിയ കെട്ടിടത്തിന് തീപിടിച്ചതായും റിപ്പോർട്ടുണ്ട്.
ഫലസ്തീൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഇമാദ് സഖൗത്തും ദൃക്‌സാക്ഷികളും പറയുന്നത്, അൽ ജസീറ അറബിക് റിപ്പോർട്ടർ ഇസ്മഈൽ അൽ-ഗൗൽ അടക്കം 80 പേരെ പിടിച്ചുകൊണ്ടുപോയെന്നും മർദിച്ച് അവശരാക്കിയ ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നുമാണ്.
ഇസ്രഈൽ സൈന്യം നവംബറിൽ അൽശിഫയ്ക്ക് നേരെ നടത്തിയ ആക്രമണം അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിരുന്നു.
ടാങ്കുകൾ, ഡ്രോണുകൾ, ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് ആശുപത്രിയിൽ ആക്രമണം നടത്തുന്നത് യുദ്ധകുറ്റമാണെന്ന് റെയ്ഡിനെ അപലപിച്ച് ഗസ സർക്കാർ പറഞ്ഞു.
എന്നാൽ റെയ്ഡിനിടെ രോഗികളും ആരോഗ്യപ്രവർത്തകരും മാറേണ്ടതില്ലെന്നും ആശുപത്രി സൗകര്യങ്ങളും ഉപകരണങ്ങളും തങ്ങൾ ലക്ഷ്യമിടുന്നില്ലെന്നും ഇസ്രഈൽ സൈന്യം പറഞ്ഞു. യുദ്ധം ആരംഭിച്ചതിനുശേഷം 155 ആരോഗ്യ കേന്ദ്രങ്ങൾ തകർന്നിട്ടുണ്ടെന്നാണ് യു.എൻ കണക്കുകൾ പറയുന്നത്.
ജനസംഖ്യയുടെ 70 ശതമാനവും വലിയ പട്ടിണി നേരിടുന്നതിനാൽ കടുത്ത ക്ഷാമമാണെന്ന് ചൂണ്ടിക്കാട്ടി യു. എൻ രംഗത്തെത്തി. ഇസ്രഈൽ വ്യോമാക്രമണത്തിനിടെ 19 എയ്ഡ് ട്രക്കുകൾ സുരക്ഷിതമായി ജബലിയയിൽ എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു. എന്നാൽ റഫയിൽ കരയാക്രമണവുമായി മുന്നോട്ടു പോകുമെന്നാണ് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ മുന്നറിയിപ്പിന് മറുപടി നൽകിയത്.
Content Highlight: Israel attacks Al Shifa again; About 30,000 people are trapped, says the Ministry of Health