ഗസ മോഡല്‍ കൊലപാതകങ്ങള്‍ വെസ്റ്റ് ബാങ്കിലും ആവര്‍ത്തിച്ച് ഇസ്രഈല്‍; 10 പേര്‍ കൊല്ലപ്പെട്ടു
World News
ഗസ മോഡല്‍ കൊലപാതകങ്ങള്‍ വെസ്റ്റ് ബാങ്കിലും ആവര്‍ത്തിച്ച് ഇസ്രഈല്‍; 10 പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2024, 12:01 pm

ഗസ: ഗസയിലെ കൂട്ടക്കുരുതിക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും കൊലപാതകങ്ങള്‍ തുടര്‍ന്ന് ഇസ്രഈല്‍ സൈന്യം. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ നടത്തിയ ഓപ്പറേഷനില്‍ 10 പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി വ്യോമാക്രമണത്തിലൂടെയും അല്ലാതെയും തങ്ങള്‍ നടത്തിയ ഈ ഓപ്പറേഷനില്‍ അഞ്ച് ഭീകരരെ വധിച്ചതായി ഇസ്രഈല്‍ സൈന്യവും അവകാശപ്പെട്ടിരുന്നു.

അര്‍ദ്ധരാത്രിയോടെ ജെനിനിലേയും തുബാസിലേയും അഭയാര്‍ത്ഥിക്യാമ്പുകളിലേക്കേ് അതിക്രമിച്ച് കയറിയ ഇസ്രഈല്‍ സൈന്യം ക്യാമ്പുകളില്‍ പരിശോധന നടത്തിയതായും ആശുപത്രികള്‍ ഉപരോധിച്ചതായും ദൃക്‌സാക്ഷികള്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

വ്യോമാക്രമണത്തിന് പുറമെ മിലിട്ടറിയുടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ജനവാസ മേഖലയിലെ കെട്ടിടങ്ങള്‍ സൈന്യം തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാം ഇത്തിഫാദയ്ക്ക് ശേഷം വെസ്റ്റ് ബാങ്കില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് രംഗത്തെത്തി.

ഇറാന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ ‘കിഴക്കന്‍ മുന്നണി’ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ കാറ്റ്‌സ് ഇവരുടെ ഒളിത്താവളങ്ങള്‍ നശിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരെല്ലാവരും തന്നെ ഹമാസിന്റെ ഭീകരരാണെന്ന് ഇസ്രഈല്‍ പ്രതിരോധ സേന(ഐ.ഡി.എഫ്) അവകാശപ്പെട്ടു.

‘ഗസയില്‍ ആക്രമണങ്ങള്‍ നടക്കുന്ന അതേസമയത്ത് തന്നെ വെസ്റ്റ് ബാങ്കിലും ആക്രമണങ്ങള്‍ നടത്തുന്നത് ഭീകരവും അപകടകരവുമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും.

അതിനാല്‍ ഈ അതിക്രമം നടത്തുന്ന തീവ്രവാദ ഗവണ്‍മെന്റിനെ തടയാന്‍ ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെടണം,’ ഫലസ്തീന്‍ അതോറിറ്റി മുഖ്യവക്താവ് അബു റുദീനെ പറഞ്ഞു.

ഓഗസറ്റ് മാസത്തിലെ ആദ്യ മൂന്നാഴ്ച്ചയ്ക്കിടെ യു.എന്റെ കണക്കുകള്‍ പ്രകാരം 26 കുട്ടികളടക്കം 128 ഫലസ്തീനികള്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ കിഴക്കന്‍ ജറുസലേമിലടക്കം ഇസ്രഈല്‍ സൈന്യം നടത്തിയ തെരച്ചിലില്‍ 113 ഫലസ്തീനികള്‍ തടവിലാക്കിയതായും യു.എന്‍ വെളിപ്പെടുത്തി.

Content Highlight: Israel attack on West Bank, ten palestinians killed