ഖാന്‍ യൂനിസിലെ ഫലസ്തീനി ക്യാമ്പില്‍ ഇസ്രഈല്‍ ബോംബാക്രമണം: 79 മരണം
World News
ഖാന്‍ യൂനിസിലെ ഫലസ്തീനി ക്യാമ്പില്‍ ഇസ്രഈല്‍ ബോംബാക്രമണം: 79 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2024, 8:44 pm

ഗസ: ഗസയിലെ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ മാധ്യമ ഓഫീസ് അറിയിച്ചു. ആക്രമണത്തില്‍ 71 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 289 പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖാന്‍ യൂനിസിലെ മവാസി ജില്ലയില്‍ ഇസ്രഈല്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച പ്രദേശമായ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ താമസിക്കുന്ന ടെന്റുകളില്‍ നടത്തിയ ബോംബാക്രമണമാണ് ‘കൂട്ടക്കൊല’ക്ക് കാരണമായതെന്ന് ഹമാസ് പറഞ്ഞു. ആക്രമണത്തിന്റെ ലക്ഷ്യം ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ തലവന്‍ മുഹമ്മദ് ഡീഫാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രഈല്‍ സൈനിക റേഡിയോ അറിയിച്ചു, ഇത് പിന്നീട് ഇസ്രഈല്‍ സൈന്യം സ്ഥിരീകരി്കകുകയും ചെയ്തു.

‘ഒരു മിസൈല്‍ അജ്രാര്‍ വാതക സമുച്ചയത്തില്‍ പതിച്ചു, അത് സ്‌ഫോടനത്തിലേക്ക് നയിച്ചു, മറ്റൊന്ന് വാട്ടര്‍ ഡീസലൈനേഷന്‍ പ്ലാന്റിലും പതിച്ചു’ ഖാന്‍ യൂനിസ് ആസ്ഥാനമായുള്ള നബീല്‍ വാലിദ് മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. ആറോളം എഫ്-16 വിമാനങ്ങള്‍ നാസര്‍ റോഡിലും, സുല്‍ത്താന്‍ വാട്ടര്‍ സ്റ്റേഷന്റെ പരിസരത്തും തങ്ങളുടെ മേല്‍ ബോംബുകള്‍ വര്‍ഷിച്ചുവെന്നും നബീല്‍ കൂട്ടിച്ചേര്‍ത്തു.

അരക്ഷിതാവസ്ഥ കാരണം പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ വേണ്ടിയുള്ള തങ്ങളുടെ മെഡിക്കല്‍ പോയിന്റുകളിലൊന്ന് താല്‍ക്കാലികമായി ഒഴിപ്പിക്കാന്‍ തന്റെ സംഘടന നിര്‍ബന്ധിതരായെന്ന് ഖാന്‍ യൂനിസ് ആസ്ഥാനമായുള്ള ഫലസ്തീനികള്‍ക്കുള്ള മെഡിക്കല്‍ എയ്ഡ് വര്‍ക്കര്‍ മുഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.

ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ 38,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസയിലെ മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.

Content Highlight: Israel attack on Khan Younis killed 79 peoples